കണക്കുകള്‍ ഹാജരാക്കാത്ത 8,975 എന്‍.ജി.ഒകളുടെ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി

single-img
28 April 2015

ngo-indiaന്യൂഡല്‍ഹി: വിദേശ സംഭാവനകള്‍ സ്വീകരിച്ചതു സംബന്ധിച്ച് 2009 മുതല്‍ മൂന്ന് വര്‍ഷത്തെ കണക്കുകള്‍ ഹാജരാക്കാത്ത 8,975 സര്‍ക്കാര്‍ ഇതര സംഘടന(എന്‍.ജി.ഒ)കളുടെ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഞായറാഴ്ചയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഗ്രീന്‍പീസിന്റെ എഫ്.സി.ആര്‍.എ ലൈസന്‍സ് റദ്ദാക്കുകയും ഫോര്‍ഡ് ഫൗണ്ടേഷനെ നിരീക്ഷണത്തിലാക്കുകയും ചെയ്തശേഷമാണ് മറ്റ് സംഘടനകള്‍ക്കെതിരെ സര്‍ക്കാര്‍ തിരിഞ്ഞിരിക്കുന്നത്.

സ്വീകരിച്ച വിദേശ ഫണ്ട്, അവ വിനിയോഗിച്ച വിധം എന്നിവയുടെ വിശദാംശങ്ങള്‍ ഒരു മാസത്തിനകം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ആഭ്യന്തര മന്ത്രാലയം 10,343 സംഘടനകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ 229 സംഘടനകള്‍ മാത്രമാണ് കണക്കുകള്‍ ഹാജരാക്കിയത്. 510 സംഘടനകള്‍ക്ക് അയച്ച നോട്ടീസ് കൈപ്പറ്റാതെ തിരിച്ചുവരികയായിരുന്നു. ഈ എന്‍ജിഒകളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ ബന്ധപ്പെട്ട ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

2010ലെ വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ പതിനെട്ടാം വകുപ്പ് അനുസരിച്ച് ലൈസന്‍സ് ലഭിക്കുന്ന സംഘടനകള്‍ സാമ്പത്തിക വര്‍ഷം അവസാനിച്ച് ഒന്‍പത് മാസത്തിനുള്ളില്‍ ആഭ്യന്തര മന്ത്രാലയത്തിന് കണക്കുകള്‍ ഹാജരാക്കണം. സംഭാവനയായി ലഭിച്ച തുക, അത് നല്‍കിയ സ്ഥാപനം, സ്വീകരിച്ച മാര്‍ഗം എന്നിവയും ഇതില്‍ കാണിക്കണം.