കറുത്തവര്‍ഗ്ഗക്കാരന്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചു; ബാള്‍ട്ടിമൂറില്‍ കലാപം

single-img
28 April 2015

clashബാള്‍ട്ടിമൂര്‍: കറുത്തവര്‍ഗ്ഗക്കാരന്‍ പോലീസ് കസ്റ്റഡിയില്‍ വെച്ച് മരിച്ചതിനെ തുടര്‍ന്ന് അമേരിക്കന്‍ നഗരമായ ബാള്‍ട്ടിമൂറില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായി. തലസ്ഥാന നഗരമായ വാഷിങ്ടണില്‍നിന്ന് 64 കി.മി അകലെയുള്ള ബാള്‍ട്ടിമൂറിൽ പ്രതിഷേധക്കാരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 15 പോലീസുകാര്‍ക്ക് പരിക്കേറ്റു.

നിര്‍മ്മാണത്തിലിരുന്ന കെട്ടിടം പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. പോലീസ് വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ അക്രമമുണ്ടായി. അക്രമം വ്യാപകമായതോടെ മേരിലാന്‍ഡ് ഗവര്‍ണര്‍ നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ആഫ്രിക്കന്‍ വംശജനായ ഫ്രെഡി ഗ്രേ (25) ആണ് മരിച്ചത്. നട്ടെല്ലിന് പരിക്കേറ്റ യുവാവ് ഒരാഴ്ചയോളം അബോധാവസ്ഥയില്‍ ആയിരുന്നു. സംഭവത്തെക്കുറിച്ച് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആറ് പോലീസ് ഉദ്യോഗസ്ഥരെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. യുവാവിന്റെ ശവസംസ്‌കാര ചടങ്ങിന് തൊട്ടുപിന്നാലെയാണ് നഗരത്തില്‍ അക്രമം നടന്നത്.