ലൈറ്റ് മെട്രോ പദ്ധതി സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ ഉണ്ടാകും- മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

single-img
28 April 2015

liteതിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതി സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.   മന്ത്രിമാരും ഇ. ശ്രീധരനും ഉൾപ്പെടെയുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വൈകീട്ട് ഏഴിന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരുമെന്നും ഇന്നോ, നാളെയൊ വിഷയത്തില്‍ അന്തിമ തിരുമാനം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. തര്‍ക്കത്തിന്റെ പേരില്‍ പദ്ധതി വൈകിപ്പിക്കുന്ന പ്രശ്‌നമില്ല. ശ്രീധരനില്‍ സര്‍ക്കാരിനു പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലൈറ്റ് മെട്രോ വേണോ മെട്രോ റെയില്‍ വേണോ എന്നത് സംബന്ധിച്ചുയര്‍ന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇ.ശ്രീധരനുമായി ചര്‍ച്ച നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്നു നടക്കുന്ന യോഗത്തിനുശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കാനാണ് സാധ്യത.  പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട വ്യത്യസ്ത നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുന്നിട്ടുണ്ട്. ഇതുസംബന്ധിച്ച തര്‍ക്കത്തിന്റെ പേരില്‍ ലൈറ്റ് മെട്രോ പദ്ധതി വൈകില്ല. ധനകാര്യം, വ്യവസായം, പൊതുമരാമത്ത്, ഊര്‍ജം എന്നീ വകുപ്പുകളിലെ മന്ത്രിമാരും തിരുവനന്തപുരത്തുനിന്നുള്ള മന്ത്രി വി.എസ് ശിവകുമാറും ഉദ്യോഗസ്ഥരും വൈകീട്ട് നടക്കുന്ന ഉന്നതതല യോഗത്തില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിയുടെ കണ്‍സള്‍ട്ടന്റിനെ ആഗോള ടെന്‍ഡറിലൂടെ കണ്ടെത്തണമെന്നും പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ ലൈറ്റ് മെട്രോ നടപ്പാക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. എന്നാല്‍, ഈ നിര്‍ദ്ദേശങ്ങളോട് ഇ ശ്രീധരനും ഡി.എം.ആര്‍.സിയും യോജിക്കുന്നില്ല. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതി പൂര്‍ത്തിയാക്കണമെന്നാണ് ശ്രീധരന്റെ നിലപാട്.