കുവൈത്തിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

single-img
27 April 2015

fsg-crime-scene-response-unit-01കോഴിക്കോട്: കുവൈത്തിലെ അബൂ ഖലീഫയിലെ താമസസ്ഥലത്ത് നിന്നും ചൊവ്വാഴ്ച രാത്രി മുതല്‍ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. പേരാമ്പ്ര ഇടപ്പാറ സ്വദേശി റമീസ് അബ്ദുല്‍ സലാമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. മൃതദേഹം കണ്ടെത്തിയ പാക്കിസ്ഥാന്‍ സ്വദേശികള്‍ പോലീസ് വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി വിരലടയാളം പരിശോധിച്ചശേഷം മൃതദേഹം റമീസ് അബ്ദുല്‍ സലാമിന്റെതാണെന്ന് സ്ഥിതീകരിച്ചു.

അഹമദിയിലെ ഒ.എന്‍.ജി കമ്പനിയില്‍ ഇലക്ട്രോണിക് എഞ്ചിനീയര്‍ ആയി ജോലി ചെയ്തുവരികയാണ് റമീസ്. രണ്ടുമാസം മുന്‍പാണ് പുതിയ വിസയുമായി റമീസ് കുവൈത്തിലെത്തിയത്. ചൊവ്വാഴ്ച രാത്രി പതിവായി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ഹോട്ടലിലേക്ക് പോയ റമീസ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കൂട്ടുകാര്‍ അന്വേഷിച്ചു വരികയായിരുന്നു.

റമീസിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഇന്ത്യന്‍ എംബസ്സിയിലും പരാതി നല്‍കിയിരുന്നു.  റമീസ് താമസിച്ചുവരുന്ന അബൂ ഖലീഫയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത് എന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു.  മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് റമീസിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.