പുനപ്രസിദ്ധീകരിച്ച എസ്എസ്എല്‍സി ഫലത്തിലും പിഴവ്; വിജയശതമാനം റെക്കോഡ്‌ തിരുത്തി

single-img
27 April 2015

Kerala SSLC Results 2015അഞ്ചുദിവസത്തെ ആശയക്കുഴപ്പത്തിനൊടുവില്‍ ഞായറാഴ്ച പുനപ്രസിദ്ധീകരിച്ച എസ്എസ്എല്‍സി ഫലത്തിലും പിഴവെന്ന് പരാതി. ഗ്രേസ് മാര്‍ക്ക് കിട്ടിയില്ലെന്ന പരാതിയുമായാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ രംഗത്തത്തെിയത്. അതേസമയം പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ വിജയശതമാനവും റെക്കോഡ്‌ തിരുത്തി. പുനഃപ്രസിദ്ധീകരിച്ച ഫലമനുസരിച്ച്‌ വിജയശതമാനം 98.57. നേരത്തേ 97.99 ശതമാനമായിരുന്നു വിജയം. അതായത്‌ 0.58% വര്‍ധന. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 2700 പേരുടെ വര്‍ധന.

പിഴവുകള്‍ തിരുത്തിയ പൂര്‍ണഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് ആയിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, ഞായറാഴ്ച മാത്രമാണ് ഫലപ്രഖ്യാപനം ഉണ്ടായത്.എന്നാല്‍, സമയമെടുത്തു പുനഃപ്രസിദ്ധീകരിച്ചിട്ടും 200 പേരുടെ ഫലം അപൂര്‍ണമാണെന്നു പരാതിയുയര്‍ന്നു. ഇവരുടെ ഫലത്തോടൊപ്പം ഗ്രേസ്‌ മാര്‍ക്ക്‌ കൂട്ടിയിട്ടില്ല. കലാ-കായിക, എന്‍.സി.സി, ശാസ്‌ത്രമേളകളില്‍ പങ്കെടുത്തവരുടെ ഗ്രേസ്‌ മാര്‍ക്കാണ്‌ അവഗണിക്കപ്പെട്ടത്‌. പരാതി ഉയര്‍ന്നതോടെ പരീക്ഷാഭവനുമായി ബന്ധപ്പെടാന്‍ ഇവര്‍ക്കു നിര്‍ദേശം നല്‍കി. മേളകളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റുമായി പരീക്ഷാഭവനില്‍ എത്തിയാലേ ഇവരുടെ ഗ്രേസ്‌ മാര്‍ക്ക്‌ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തൂ.

അടിസ്‌ഥാന ഡാറ്റകള്‍ പരിശോധിച്ചപ്പോള്‍ യാതൊരു തെറ്റും കണ്ടെത്തിയില്ലെന്നും ഗ്രേസ്‌ മാര്‍ക്ക്‌ കൂട്ടിയതിലെ സാങ്കേതികത്തകരാറാണു ഫലപ്രഖ്യാപനത്തിലെ അപാകതയ്‌ക്കു കാരണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ അറിയിച്ചു. പുതുക്കിയ ഫലം പി.ആര്‍.ഡി, എന്‍.ഐ.സി, ഐ ടി അറ്റ്‌ സ്‌കൂള്‍, പരീക്ഷാഭവന്‍ എന്നിവയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതായി വിദ്യാഭ്യാസവകുപ്പ്‌ അറിയിച്ചെങ്കിലും ഇവ തുറന്നാല്‍ തകരാര്‍ എന്നു കാണിക്കുകയാണ്‌.