നേപ്പാൾ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 3,200 കവിഞ്ഞു

single-img
27 April 2015

nepal16കാഠ്മണ്ഡു: നേപ്പാൾ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 3,200 കവിഞ്ഞു. ഇപ്പോഴും 1000ത്തിലധികം പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.  4,700 പേര്‍ക്ക് പരിക്കേറ്റതായി നേപ്പാള്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. അതിനിടെ, ഞായറാഴ്ച രാവിലെ റിക്ടര്‍ സ്കെയിലില്‍ 6.7 രേഖപ്പെടുത്തിയതുള്‍പ്പെടെ മൂന്ന് തുടര്‍ഭൂകമ്പങ്ങളുണ്ടായി. ഇത് ഉത്തരേന്ത്യയുടെ പലഭാഗങ്ങളും കുലുങ്ങി. തുടര്‍ചലനത്തില്‍ രാജസ്ഥാനില്‍  വീടിന്‍െറ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു പെണ്‍കുട്ടി മരിച്ചു. ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 71 ആയി. നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. 1050 ഇന്ത്യക്കാരെ വ്യോമസേന നാട്ടിലത്തെിച്ചു.

ഞായറാഴ്ച ഉച്ചക്ക് 12.40ഓടെയാണ് നേപ്പാളില്‍ റിക്ടര്‍ സ്കെയിലില്‍ 6.7 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. കഴിഞ്ഞദിവസം ഉണ്ടായതിന്‍െറ സമാനചലനമാണിത്. ഒരുമിനിറ്റോളം നീണ്ടു. ഞായറാഴ്ചയുണ്ടായ ഭൂകമ്പത്തിന്‍െറ പ്രഭവകേന്ദ്രത്തില്‍നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് പുതിയ ഭൂകമ്പം രൂപപ്പെട്ടത്. നേപ്പാളിലെ രണ്ടാമത്തെ നഗരമായ പൊഖാറക്ക് 80 കിലോമീറ്റര്‍ സമീപമാണ് പ്രഭവകേന്ദ്രം. ദക്ഷിണ കോടാരിയില്‍ 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പമുണ്ടായതെന്ന് യു.എസ് ജിയളജിക്കല്‍ സര്‍വേ അറിയിച്ചു.

nepal12വ്യോമസേനാ വിമാനങ്ങളിലാണ് 1050 പേരെ ശനിയാഴ്ച രാത്രി വൈകിയും ഞായറാഴ്ച പുലര്‍ച്ചെയുമായി ഇന്ത്യയിലത്തെിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 4.45ഓടെ 247 പേരുമായി മറ്റൊരു വിമാനവും ഇന്ത്യയിലേക്ക് യാത്രതിരിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 13 വ്യോമസേനാ വിമാനങ്ങളും അഞ്ച് ഹെലികോപ്ടറുകളും നേപ്പാളില്‍ എത്തിയിട്ടുണ്ട്. സശസ്ത്ര സീമ ബല്ലിന്‍െറ 2,900 ജവാന്മാര്‍ നേപ്പാളില്‍ എത്തിയിട്ടുണ്ട്. ഇന്ത്യക്കു പുറമെ പാകിസ്താന്‍, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നുണ്ട്. ഡല്‍ഹിയില്‍ ഞായറാഴ്ചയുണ്ടായ ചലനം അഞ്ചു സെക്കന്‍ഡ് നീണ്ടുനിന്നു. ഉത്തരേന്ത്യയില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രണ്ടുലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.