സ്‌കൂളില്‍ നിന്നും മടങ്ങിയ പതിമൂന്നുകാരിയെ ബലാല്‍സംഗം ചെയ്തശേഷം തയലയറുത്തു കൊലപ്പെടുത്തിയ നാലു പേര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു

single-img
25 April 2015

jkപതിമൂന്നു വയസുകാരിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാല്‍സംഗം ചെയ്തു ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ നാലു പേര്‍ക്ക് കോടതി വധ ശിക്ഷ വിധിച്ചു. 2007ല്‍ വടക്കന്‍ കശ്മീരില്‍ നടന്ന സംഭവത്തില്‍ പ്രദേശവാസികളായ സാദിക്ക് മിര്‍, അസ്ഹര്‍ അഹമദ് മിര്‍, പശ്ചിമ ബംഗാള്‍ സ്വദേശി മോചി ജഹാംഗീര്‍, രാജസ്ഥാന്‍കാരനായ സുരേഷ് കുമാര്‍ എന്നിവര്‍ക്കാണ് കുപ്‌വാര ജില്ലാ കോടതി വധശിക്ഷ വിധിച്ചത്.

സ്‌കൂളില്‍ നിന്ന് മടങ്ങി വരികയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുകയും കൂട്ട ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തുകയും ചെയ്തു എന്നതായിരുന്നു ഇവര്‍ചെയ്ത കുറ്റം. കൊലപാതകത്തിന് ശേഷം തലയറുത്തു മാറ്റിയ നിലയില്‍ ഒരു തോട്ടത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം പിന്നീട് കണ്ടെത്തിയത്. ബലാല്‍സംഗത്തിനു ശേഷം കുട്ടിയെ ഇവര്‍ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.

2007 മുതല്‍ പ്രതികളെല്ലാവരും ജയിലിലായിരുന്നു. സംഭവത്തെത്തുടര്‍ന്ന് കശ്മീരില്‍ വലിയ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയിരുന്നു. 86 സാക്ഷികളെയാണ് ഈ കേസില്‍ കോടതി വിസ്തരിച്ചത്. പ്രതികള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞയാഴ്ച കോടതി കണ്ടെത്തിയിരുന്നു.

കൊലപാതകത്തിനിരയായ പെണ്‍കുട്ടിക്ക് സംസ്ഥാന സര്‍ക്കാര്‍ മരണാനന്തര ധീരതയ്ക്കുള്ള അവാര്‍ഡ് സമ്മാനിച്ചിരുന്നു.