ഭൂചലനം മൂലം എവറസ്റ്റില്‍ ഹിമപാതം; നിരവധിപേര്‍ കുടുങ്ങി

single-img
25 April 2015

Everest-Header-4---LMഇന്ന് രാവിലെ നേപ്പാളിലുണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടര്‍ന്ന് ഹിമാലയത്തില്‍ വന്‍ ഹിമപാതമുണ്ടായതായും നിരവധിപ്പേര്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുകള്‍. എവറസ്റ്റ് കൊടുമുടിക്ക് സമീപം വന്‍ ഹിമപാതമുണ്ടായതായി നിരവധി പര്‍വതാരോഹകര്‍ ട്വീറ്റ് ചെയ്തിരിക്കുകയാണ്. നിരവധി പര്‍വ്വതാരോഹകര്‍ എവറസ്റ്റിലുണ്ടെന്നും വന്‍ ഹിമപാതമാണ് ഉണ്ടായിരിക്കുന്നതെന്നും റുമാനിയന്‍ പര്‍വതാരോഹകന്‍ അലക്‌സ് ഗവേന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഹിമപാതത്തിന്റെ ശക്തി കാരണം പര്‍വതാരോഹകര്‍ ടെന്റുകളില്‍ നിന്ന് ഇറങ്ങിയോടുകയാണെന്നും ബെയ്‌സ് ക്യാമ്പില്‍ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടതായും അദ്ദേഹം തന്റെ ട്വീറ്റില്‍ പറയുന്നു. ബേസ് ക്യാമ്പ് പൂര്‍ണ്ണമായും തകര്‍ന്നതായി മറ്റൊരു പര്‍വതാരോഹകനായ ഡാനിയേല്‍ മസൂര്‍ ട്വീറ്റ് ചെയ്തു.

എവറസ്റ്റ് കൊടുമുടി ശുചിയാക്കാന്‍ പോയ ഇന്ത്യന്‍ സൈന്യത്തിന്റെ പര്‍വതാരോഹക സംഘം സുരക്ഷിതരാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ എവറസ്റ്റിലുണ്ടായ ഹിമപാതത്തില്‍ 16 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.