വിശക്കുന്നവന് ഭിക്ഷയാചിക്കാതെ മാന്യമായി മറ്റേതൊരാളേയും പോലെ ഹോട്ടലില്‍ ചെന്ന് ആഹാരം കഴിക്കാനുള്ള ‘ഓപ്പറേഷന്‍ സുലൈമാനി’യുമായി ജില്ലാകളക്ടര്‍ എന്‍. പ്രശാന്തന്റെ നേതൃത്വത്തില്‍ ജില്ലാഭരണകൂടം എത്തുന്നു

single-img
25 April 2015

Prasanthanകോഴിക്കോട് നഗരത്തില്‍ ഇനിയാരും ഭക്ഷണത്തിനായി അന്യന്റെ മുന്നില്‍ കൈനീട്ടേണ്ടി വരില്ല. കോഴക്കോട്ടെ വിശന്നിരിക്കുന്ന വയറുകള്‍ക്ക് ആശ്വാസം പകരുന്ന നടപടിയുമായി ജില്ലാ കളക്ടര്‍ എന്‍. പ്രശാന്തന്‍ രംഗത്തെത്തിയിരിക്കുകയാണ്. വയറുനിറയെ ഭക്ഷണം കഴിച്ച ശേഷം ഒരു പൊടി മൊഹബ്ബത്ത് കലര്‍ന്ന സുലൈമാനി കുടിക്കുന്ന പോലെ, മനസ്സിന് തൃപ്തി തരുന്ന പദ്ധതിയായ ഓപ്പറേഷന്‍ സുലൈമാനിയുടെ വിവരങ്ങള്‍ ജില്ലാകളക്ടര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവെച്ചത്.

ഒരു നേരത്തെ ഭക്ഷണിനായി വിശന്നു വലയുന്നവര്‍ക്ക് ആത്മാഭിമാനത്തോടെ ഭക്ഷണം കഴിക്കാന്‍ ലളിതമായ പദ്ധതിയുമായി കോഴിക്കോട് ജില്ലാ ഭരണകൂടം കളക്ട്‌റുടെ നേതൃത്വത്തില്‍ തയ്യാറായിക്കഴിഞ്ഞു. മികച്ച പ്രതികരണമാണ് കലക്ടറുടെ നിര്‍ദേശത്തിനു പൊതുജനങ്ങളില്‍ നിന്നുണ്ടായിരിക്കുന്നത്.

വിശക്കുന്നവനു ഭിക്ഷയെടുക്കാതെ മാന്യമായി ഹോട്ടലില്‍ ചെന്ന് മറ്റേതൊരാളെയും പോലെ ഭക്ഷണം കഴിക്കുവാനുള്ള പദ്ധതിക്ക് ഹോട്ടല്‍ ആന്റ് റസ്റ്ററന്റ്‌സ് അസോസിയേഷനില്‍ നിന്നും അനുകൂലമായ മറുപടിയാണു ലഭിച്ചതെന്നും കലക്ടര്‍ വ്യക്തമാക്കുന്നു. വിശക്കുന്ന മനുഷ്യന്റെ ആത്മാഭിമാനം കാത്തുകൊണ്ടും അതേസമയം, ദുരുപയോഗം ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതുമായ ലളിതമായ ഒരു ഫുഡ് കൂപ്പണ്‍ സിസ്റ്റമാണ് മേയ് മാസം രണ്ടാം ആഴ്ച മുതല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

എന്‍.പ്രശാന്തന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

“ഓപ്പറേഷൻ സുലൈമാനി”

ആതിഥ്യ മര്യാദയ്ക്കും രുചിയേറിയ ഭക്ഷണത്തിനും പേരുകേട്ട നാടാണ് കോഴിക്കോട് . ധാരാളിത്തത്തിൽ മതിമറന്ന് ഭക്ഷണം പാഴാക്കുന്ന ചിലർ ഒരു വശത്ത്. ഒരു നേരത്തെ അന്നത്തിനായി അലയുന്ന ചിലർ മറുവശത്ത്. വിശപ്പാണ് സത്യം – പണ്ഡിതനും, പാമരനും, പണക്കാരനും, പാവപ്പെട്ടവനും അത് ഒരുപോലെയാണ് .

ഉച്ച സമയത്ത് അഭിമാനം പണയ പെടുത്തി മണിക്കൂറുകളോളം ക്യൂവിൽ നിന്ന് ഒരു നേരത്തെ ഭക്ഷണം വാങ്ങി കഴിക്കുന്നവരെ നമുക്ക് കാണാം. നഗരത്തിൽ വിശപ്പുള്ളവർ ഉണ്ടെന്നും,ഭക്ഷണം കൊടുക്കാൻ മനസ്സുള്ളവർ ഉണ്ടെന്നും വ്യക്തമാണ് .

വിശക്കുന്നവർക്ക് ആത്മാഭിമാനത്തോടെ ഭക്ഷണം കഴിക്കാൻ, ഒരു ലളിതമായ പദ്ധതി ജില്ലാ ഭരണകൂടം തയ്യാറാക്കിയിരിക്കുന്നു.
ഹോട്ടൽ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘടനകളുമായി ആലോചിച്ച് ഒരു ചെറിയ ആശയം ഉരുത്തിരിഞ്ഞിട്ടുണ്ട്. വിശക്കുന്നവന് “ഭിക്ഷ” നല്കാതെ, മാന്യമായി ഹോട്ടലിൽ ചെന്ന് മറ്റേതൊരാളെയും പോലെ ഭക്ഷണം കഴിക്കുവാനുള്ള അവസരം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ വിഷയത്തിൽ അനുകൂലമായൊരു മറുപടിയാണ് Hotel & Restaurants Association ൽ നിന്നും ലഭിച്ചത്. മറ്റ് സന്നദ്ധ സംഘടനകളും അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വിശക്കുന്ന മനുഷ്യന്റെ ആത്മാഭിമാനം കാത്തുകൊണ്ടും അതേ സമയം ദുരുപയോഗം ചെയ്യാൻ ബുദ്ധിമുട്ടുള്ളതുമായ, ലളിതമായ ഒരു ഫുഡ് കൂപ്പണ്‍ സിസ്റ്റമാണ് മെയ് മാസം രണ്ടാം ആഴ്ച മുതൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. കോഴിക്കോട്ടുകാർ വയറുനിറയെ ഭക്ഷണം കഴിച്ച ശേഷം ഒരു പൊടി മൊഹബ്ബത്ത് കലര്ന്ന സുലൈമാനി കുടിക്കുന്ന പോലെ, മനസ്സിന് തൃപ്തി തരുന്ന പദ്ധതി.