അധികാരികള്‍ പറയണം 50000 കാണികളെ ഉള്‍ക്കൊള്ളുന്ന ഈ ലോകോത്തര സ്‌റ്റേഡിയത്തില്‍ എങ്ങനെ സമാധാനമായിരുന്ന് കളി കാണുമെന്ന്; ഉത്ഘാടനം കഴിഞ്ഞു 70മത് നാള്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ മേല്‍ക്കുര തകര്‍ന്നു

single-img
24 April 2015

Green Field

141 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ മേല്‍ക്കുരയുടെ പല ഭാഗങ്ങളും തകര്‍ന്നു. സ്റ്റേഡിയത്തിന്റെ ഉത്ഘാടനം ഈ വര്‍ഷം ജനുവരി 26നു ആയിരുന്നു. ഉത്ഘാടനം കഴിഞ്ഞു 70ആം ദിവസം സ്റ്റേഡിയത്തിന്റെ മേല്‍ക്കുര തകര്‍ന്നു എന്നതു വിരല്‍ ചുണ്ടുന്നത് നിര്‍മ്മാണത്തിലെ പിഴവിലേക്കാണ്. അള്‍ട്രാ വയലറ്റ് രശ്മികളെ തടയുന്ന ലോകോത്തര നിലവാരമുള്ള റൂഫിങ് ടെന്‍സൈല്‍ ഫാബ്രിക് കൊണ്ടാണ് മേല്‍ക്കുരയുടെ നിര്‍മ്മാണം. ലോകോത്തര നിലവാരമുള്ള മേല്‍ക്കുരയുടെ അവസ്ഥ ഇതാണെങ്കില്‍ ബാക്കിയുള്ളവയുടെ അവസ്ഥ ദയനീയം ആയിരിക്കും.

.

50000 കാണികള്‍ക്ക് ഇരുന്ന് കളി കാണാനുള്ള ഗാലറിയാണ് സ്റ്റേഡിയത്തില്‍ നിര്‍മ്മിച്ചിരിക്കുന്നത്. മൂന്ന് തട്ടുകളിലായി ആറുലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുണ്ട് . ഗാലറിക്ക് 52 അടി വീതിയും ഗ്രൗണ്ടിന് 120 മീറ്റര്‍ വ്യാസവും ഉണ്ട്. ഏതാണ്ട് അമ്പത് ശതമാനമാണ് മേല്‍ക്കൂര ഗാലറിയെ മറയ്ക്കുന്നത്.

ഡി.ബി.ഒ.ടി. (ഡിസൈന്‍ ബില്‍ഡ് ഓപറേറ്റ് ട്രാന്‍സ്ഫര്‍) പ്രകാരമാണ് സ്റ്റേഡിയം നിലവില്‍ വന്നിരിക്കുന്നത്. അതായത് 15 വര്‍ഷത്തേക്ക് സ്റ്റേഡിയത്തിന്റെ നടത്തിപ്പും പരിപാലനവും നിര്‍മ്മാണ കമ്പനിക്കായിരിക്കും. രാജ്യത്തെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഐ.എല്‍. ആന്‍ഡ് എഫ്.എസ്സാണ് സ്റ്റേഡിയം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനായി കാര്യവട്ടം സ്‌പോര്‍ട്‌സ് ഫെസിലിറ്റി ലിമിറ്റഡ് എന്ന ഉപ കമ്പനി ഐ.എല്‍.എഫ്. എസ്. രൂപം നല്‍കിയിട്ടുണ്ട്. കേരള സര്‍വകലാശാലയുടെ കാമ്പസ്സില്‍നിന്ന് പാട്ടത്തിന് ലഭിച്ച 37 ഏക്കര്‍ സ്ഥലത്താണ് സ്റ്റേഡിയം നിര്‍മ്മിച്ചത്.

ഘട്ടം ഘട്ടമായി പണം ഈടാക്കുന്ന ആന്വിറ്റി മാതൃകയില്‍ രൂപം കൊള്ളുന്ന ആദ്യത്തെ സ്റ്റേഡിയം കൂടിയാണിത്. 13 വാര്‍ഷിക ഗഡുക്കളായിട്ട് നിര്‍മ്മാണച്ചെലവും പലിശയും സര്‍ക്കാര്‍ കമ്പനിക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. 2027ഓടെ ഗഡുക്കള്‍ അടച്ചു തീരുമ്പോള്‍ ഏതാണ്ട് 400 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കമ്പനിക്ക് ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഈ കാലയളവില്‍ സ്റ്റേഡിയത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ പത്ത് ശതമാനം സര്‍ക്കാറിന് ലഭിക്കും. 15 വര്‍ഷത്തെ കാലാവധിക്ക് ശേഷം സ്റ്റേഡിയം കേരള സര്‍വകലാശാലയ്ക്ക് കൈമാറും.

മേല്‍ക്കുര തകര്‍ന്നതിനെ പറ്റി അന്വേഷിക്കാന്‍ സ്റ്റേഡിയത്തിലെത്തിയ ഇ-വാര്‍ത്തയുടെ റിപ്പോര്‍ട്ടറെ കാണാനോ സംസാരിക്കാനോ സ്റ്റേഡിയത്തിന്റെ മേല്‍നോട്ടം ഉള്ള അധികാരികള്‍ കുട്ടാക്കിയില്ല. മേല്‍ക്കുര തകര്‍ന്നതിനെ പറ്റി ചോദിച്ചപ്പോള്‍ അതിനേപറ്റി ഒന്നും അറിയില്ല എന്നാണ് മറുപടി. ഉത്ഘാടനം കഴിഞ്ഞു ദിവസങ്ങല്‍ കഴിഞ്ഞപ്പോള്‍ തന്നെ മേല്‍ക്കുര തകര്‍ന്ന സ്റ്റേഡിയത്തില്‍ 50000 കാണികള്‍ എങ്ങനെ സമാധാനമായിരുന്ന് കളി കാണുമെന്നു കൂടി അധികാരികള്‍ വ്യക്തമാക്കിയാല്‍ കൊള്ളാമായിരുന്നു.