എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനത്തിലെ പിഴവുകള്‍ക്ക് കാരണം വിദ്യാഭ്യാസമന്ത്രിയുടെ സമ്മര്‍ദ്ദമാണെന്ന് ഉദ്യോഗസ്ഥര്‍

single-img
24 April 2015

sslc-valuation-camp.jpg.image.784.410

ഉദ്യോഗസ്ഥരെ പഴിചാരി എസ്.എസ്.എല്‍.സി. ഫലപ്രഖ്യാപനത്തിലെ പിഴവുകള്‍ക്ക് രക്ഷപ്പെടാനുള്ള സര്‍ക്കാര്‍ ശ്രമത്തിനു തിരിച്ചടി നല്‍കിക്കൊണ്ട് മന്ത്രിയുടെ സമ്മര്‍ദത്തിന്റെ ഫലമായാണ് ഫലപ്രഖ്യാപനം നേരത്തെയാക്കേണ്ടിവന്നതെന്നാണ് ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കി. സെര്‍വര്‍ തകരാറാണ് ഫലപ്രഖ്യാപനം താറുമാറാക്കിയതെന്നാണ് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ് പറഞ്ഞതിനെ ഖണ്ഡിച്ചുകൊണ്ടണ് ഉദ്യോഗസ്ഥര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

ഫലപ്രഖ്യാപനത്തില്‍ വന്ന ഗുരുതരമായ തെറ്റുകുറ്റങ്ങളുടെ ഉത്തരവാദിത്വം അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. വിശ്വാസ് മേത്ത സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടറും അവധിയില്‍ പോകാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്.

ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനുള്ള മന്ത്രിയുടെ നീക്കത്തിനെതിരെ ഉദ്യോഗസ്ഥര്‍ ഒന്നടങ്കം രംഗത്തു വരികയായിരുന്നു. ഫലപ്രഖ്യാപനം കാര്യക്ഷമമാക്കാന്‍ മൂല്യനിര്‍ണയ ക്യാമ്പുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും അതിനു പകരം ക്യാമ്പുകളിലേക്ക് കൂടുതല്‍ അധ്യാപകരെ നിയോഗിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് അവര്‍ ആരോപിച്ചു. ഇവര്‍ക്ക് പ്രാഥമിക ആവശ്യത്തിനുള്ള സൗകര്യം പോലും ഇല്ലായിരുന്നതിനാല്‍ ഓരോ കേന്ദ്രങ്ങളിലും വന്‍തോതില്‍ അധ്യാപകര്‍ വിട്ടുനിന്നതോടെ മൂല്യനിര്‍ണ്ണയം താളം തെറ്റുകയായിരുന്നു.

ഈ വിഷയങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടും തുടര്‍നടപടി സ്വീകരിച്ചില്ലെന്നും കഴിഞ്ഞവര്‍ഷം ഏപ്രില്‍ 16ന് ഫലം പ്രഖ്യാപിച്ചതിനാല്‍ ഈ വര്‍ഷവും അതേ ദിവസം തന്നെ ഫലം പ്രഖ്യാപിക്കണമെന്ന നിര്‍ദേശമാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നും നല്‍കിയതെന്നും ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. എന്നാല്‍ അതിനിടയില്‍ ഒരു ദിവസം ഹര്‍ത്താല്‍ കൂടി വന്നതോടെ ഇത് നടപ്പിലാകില്ലെന്ന് അറിയിച്ചിരുന്നെങ്കിലും ഓരോ അധ്യാപകര്‍ക്കും കൂടുതല്‍ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയത്തിനായി നല്‍കാനായിരുന്നു സര്‍ക്കാരിന്റെ നിര്‍ദേശമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.