കര്‍ഷകന്‍ ആത്മഹത്യ ചെയ്തിട്ടും റാലി തുടര്‍ന്നത് തെറ്റായിപ്പോയെന്ന്- കെജ്രിവാള്‍

single-img
24 April 2015

Kejariwalഎഎപിയുടെ കര്‍ഷക റാലിക്കിടെ രാജസ്ഥാനില്‍ നിന്നുള്ള കര്‍ഷകന്‍ തന്റെ മുമ്പില്‍ വച്ച് ആത്മഹത്യ ചെയ്തിട്ടും റാലി തുടര്‍ന്നത് തെറ്റായിപ്പോയെന്ന് അരവിന്ദ് കെജ്രിവാൾ. റാലി തുടര്‍ന്നത് തെറ്റായിപ്പോയെന്നും  ക്ഷമ ചോദിക്കുന്നതായും കെജ്രിവാള്‍ പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസും ഡല്‍ഹി പോലീസും കര്‍ഷകന്റെ ആത്മഹത്യയില്‍ എഎപിയെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്ന സാഹചര്യത്തിലാണ് കെജ്രിവാളിന്റെ ഖേദപ്രകടനം. സംഭവത്തിന് കാരണക്കാരന്‍ താനാണെന്നും തെറ്റ് അംഗീകരിക്കുന്നതായും എന്നാല്‍ ഇനിയുള്ള  ചര്‍ച്ചകള്‍ കര്‍ഷക താത്പര്യങ്ങള്‍ക്ക് വേണ്ടിയാകണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.

തങ്ങളെല്ലാം ഗജേന്ദ്ര സിംഗിനെ താഴെയിറക്കാന്‍ ശ്രമിച്ചിരുന്നതായും കെജ്രിവാള്‍ പറഞ്ഞു. സംഭവം തന്റെ കണ്‍മുന്നിലാണ് നടന്നത്, ഈ ദിവസങ്ങളിലൊന്നും ഉറങ്ങാന്‍ സാധിച്ചിട്ടില്ല, സംഭവത്തില്‍ നിന്നും മോചിതനാകാനായിട്ടില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.

ഇതുപോലൊരും അനുഭവം ഇതിനു മുമ്പ് തനിക്ക് ഉണ്ടായിട്ടില്ല. കര്‍ഷകന്‍ തൂങ്ങിമരിച്ച മരം വേദിയില്‍ നിന്നും അകലെയായിരുന്നു. മരത്തിലെ ബാനറുകള്‍ കാരണം ഒന്നും വ്യക്തമായി കാണാന്‍ സാധിച്ചിരുന്നില്ല. മരത്തില്‍ നിന്നും ചില ശബ്ദങ്ങള്‍ കേട്ടശേഷമാണ് ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതെന്ന് കെജ്രിവാള്‍ വിശദീകരിച്ചു.

സംഭവത്തിന് ശേഷം താന്‍ പ്രസംഗിച്ചെങ്കിലും ഒരു മണിക്കൂര്‍ പ്രസംഗത്തിന് പകരം പത്ത് മിനിട്ട് മാത്രമാണ് സംസാരിച്ചതെന്നും കെജ്രിവാള്‍ ന്യായീകരിച്ചു. പക്ഷേ ചെയ്തത് തെറ്റായിപ്പോയെന്ന് ഇപ്പോള്‍ തോന്നുന്നു. താന്‍ പ്രസംഗിക്കാന്‍ പാടില്ലായിരുന്നു. തന്റെ പ്രവൃത്തിയില്‍ ആര്‍ക്കെങ്കിലും വിഷമമുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നു.

മരത്തിന്റെ അടിയില്‍ എഎപി പ്രവര്‍ത്തകരും പോലീസുകാരും ഉണ്ടായിരുന്നു. എന്നാല്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്യുമെന്ന് ആരും കരുതിയിരുന്നില്ല. അത്തരമൊരു ചിന്ത പോയിരുന്നെങ്കില്‍ തീര്‍ച്ചയായും ആരെങ്കിലും എന്തെങ്കിലും ചെയ്‌തേനെ. അയാളെ താഴെ എത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴും ജീവനുണ്ടെന്നാണ് തങ്ങള്‍ കരുതിയിരുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു.

എന്നാല്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് മൂന്ന് ദിവസങ്ങളായി നടക്കുന്ന നാടകം തെറ്റാണെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി. കര്‍ഷകന്‍ എന്തുകൊണ്ട് ആത്മഹത്യ ചെയ്തുവെന്നാണ് നാം ആലോചിക്കേണ്ടത്. കര്‍ഷകരുടെ ഭൂമി തട്ടിപ്പറിക്കാന്‍ അനുവദിക്കില്ലെന്നും വിളകള്‍ക്ക് അനുയോജ്യമായ വില നല്‍കുമെന്നും രാജ്യത്ത്  തീരുമാനമെടുക്കുകയാണെങ്കില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയില്ലെന്ന് കെജ്രിവാള്‍ പറഞ്ഞു.

തനിക്ക് പറയാനുള്ളത് പറഞ്ഞെന്നും പ്രശ്‌നം കീറിമുറിച്ച് പരിശോധിക്കുന്നത് അവസാനിപ്പിക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. ഇതിനിടെ മരിച്ച കര്‍ഷകന്റെ കുടുംബാംഗങ്ങളും പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയത് ആപ്പിനെ പ്രതിരോധത്തിലാക്കി. ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ള കൃഷിനാശമൊന്നും ഇയാള്‍ക്കുണ്ടായിരുന്നില്ലെന്നും ആത്മഹത്യാ കുറിപ്പിലേത് ഗജേന്ദ്രസിംഗിന്റെ കയ്യക്ഷരമായി കരുതുന്നില്ലെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു.