അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ മുത്തശ്ശി ഉംറ നിര്‍വഹിക്കാൻ മക്കയിലെത്തി

single-img
24 April 2015

obama-grandmaമക്ക: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കെനിയന്‍ മുത്തശ്ശി സാറ ഉമര്‍ മക്കയിലെത്തി. ഒബാമയുടെ പിതൃസഹോദരനും സഈദ് ഒബാമ, പേരക്കുട്ടി മൂസാ ഒബാമ എന്നിവര്‍ക്കൊപ്പമാണ് അവര്‍ മക്കയില്‍ ഉംറ നിര്‍വഹിക്കാനെത്തിയത്.  ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് മുസ്‌ലിംകള്‍ക്ക് പുണ്യകര്‍മം നിര്‍വഹിക്കാന്‍ സൗകര്യമൊരുക്കുന്ന സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന് സാറ ഉമര്‍ നന്ദി പറഞ്ഞു.

ഇസ്‌ലാം സമാധാനത്തിന്റെ മതമാണെന്നും ഭീകരവാദം ഇസ്‌ലാമിന് അന്യമാണെന്നും തന്നെ സന്ദര്‍ശിക്കാനെത്തിയവരോട് സാറ ഉമര്‍ പറഞ്ഞു.  പുണ്യഭൂമിയില്‍ എത്താന്‍ സാധിച്ചതില്‍ അളവറ്റ സന്തോഷമുണ്ടെന്നു പറഞ്ഞ സാറ ഉമര്‍ ഇസ്‌ലാമിന്റെ വെളിച്ചം ലോകമെങ്ങും വ്യാപിക്കട്ടെ എന്ന് കൈയുയര്‍ത്തി പ്രാര്‍ത്ഥിച്ചു.

അഞ്ചു വര്‍ഷം മുമ്പ് മക്കയില്‍ ഹജ്ജ് നിര്‍വഹിക്കാനെത്തിയപ്പോള്‍ ഒബാമ മുസ്‌ലിമാകാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചുവെന്ന സാറ ഉമറിന്റെ പ്രസ്താവന വലിയ വാര്‍ത്തയായിരുന്നു. തനിക്കെതിരായ മതപരമായ ആരോപണങ്ങളെ തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഒബാമ നിഷേധിച്ചിരുന്നു. അടിയുറച്ച ക്രിസ്ത്യാനിയാണ് ഒബാമയെന്ന് വിവാദകാലത്ത് വൈറ്റ്ഹൗസ് പ്രസ്താവന ഇറക്കിയിരുന്നു.