ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാൻ കച്ചകെട്ടി ഐ ഗ്രൂപ്പ്

single-img
24 April 2015

rameshതിരുവനന്തപുരം: ബാര്‍ കോഴയിലും സോളാര്‍ വിവാദത്തിലും പ്രതിച്ഛായ നഷ്ടപ്പെട്ട ഉമ്മന്‍ചാണ്ടിയെ മാറ്റി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കുന്നതിനുള്ള നീക്കവുമായി ഐ ഗ്രൂപ്പ്. ഒരു മാസം മുമ്പ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ ചെന്നിത്തല ഇക്കാര്യം നേരിട്ട് അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഐ ഗ്രൂപ്പ് സമ്മര്‍ദം ശക്തമാക്കുന്നത്.

മാണിക്കുപുറമെ മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത വിശ്വസ്തനുമായ കെ ബാബുവിനെതിരെ കൂടി കോഴ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നീക്കങ്ങള്‍ പെട്ടെന്നാക്കിയത്. മുന്‍ കാല യുഡിഎഫ് സര്‍ക്കാരുടെ കാലത്ത്  ഉയര്‍ന്നുവന്ന വാദങ്ങള്‍ ഉയര്‍ത്തി ലക്ഷ്യത്തിലെത്തുകയാണ് ഐ ഗ്രുപ്പിന്റെ ശ്രമം. ഇപ്പോഴത്തെ നിലയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടാന്‍ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നത് വിഷയങ്ങളുടെ ഗൗരവം ഉയര്‍ത്തി ഐ ഗ്രൂപ്പ് മുന്നോട്ടുവെക്കുന്നു. അരുവിക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം പോലും സന്ദേഹം ഉയര്‍ത്തുകയാണെന്ന വാദം ഐ ഗ്രൂപ്പ് ഉന്നയിച്ചിട്ടുണ്ട്.

കെ കരുണാകന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ പ്രതിച്ഛായ പ്രശ്‌നം ഉയര്‍ത്തിക്കാട്ടിയായിരുന്നു എകെ ആന്റണിയെ മുഖ്യമന്ത്രിയാക്കാനുള്ള തന്ത്രങ്ങള്‍ എ ഗ്രൂപ്പ് ഉപയോഗിച്ചത്. 2001ല്‍ ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കിയത് ഇതേ സാഹചര്യമാണ് ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാരിന്റെ മുന്നിലുമുള്ളത്.  ഈ രണ്ട് സര്‍ക്കാരുകളും കാലവധി പൂര്‍ത്തിയാവാന്‍ ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെയാണ് നേതൃമാറ്റ വിവാദം ഉയര്‍ന്നത്.

കെപിസിസി അധ്യക്ഷ പദവിയിലിരുന്ന രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവുകയെന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച. ഇത്തവണ അത് സാധ്യമായില്ലെങ്കില്‍ പിന്നീട് ഒരിക്കലും സാധ്യമല്ലാതാകും എന്ന മുന്നറിയിപ്പ് രമേശുമായി അടുത്ത വൃത്തങ്ങളില്‍ ചര്‍ച്ച സജീവമായി നടക്കുകയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്ത് ഇരിക്കേണ്ടിവന്നാലും ഭാവിയില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാന്‍ ഇപ്പോള്‍ നേടിയെടുക്കുന്ന സ്ഥാനം കൊണ്ട് സാധിക്കുമെന്നാണ് രമേശിനൊപ്പമുള്ളവര്‍ കരുതുന്നത്.