സാദര്‍ ബസാര്‍ ഇരട്ട സ്‌ഫോടനക്കേസ്; അബ്ദുല്‍ കരീം തുണ്ടയെ കുറ്റവിമുക്തനാക്കി

single-img
24 April 2015

thundaന്യൂഡല്‍ഹി: അബ്ദുല്‍ കരീം തുണ്ട (73) യെ ഡല്‍ഹി കോടതി രണ്ടു സ്‌ഫോടനക്കേസുകളില്‍ കുറ്റവിമുക്തനാക്കി. ലഷ്‌കറെ തയിബയുടെ ബോംബ് വിദഗ്ധനാണ് ഇദ്ദേഹം. എന്നാല്‍ വേറെയും കേസുകള്‍ നിലവിലുള്ളതിനാല്‍ തുണ്ട ജയിലില്‍ തന്നെ തുടരും.

1997 ഒക്‌ടോബര്‍ ഒന്നിലെ സാദര്‍ ബസാര്‍ ഇരട്ട സ്‌ഫോടനക്കേസില്‍ നിന്നും 1997 ഒക്‌ടോബര്‍ 28-ലെ കരോള്‍ ബാഗ് സ്‌ഫോടനക്കേസില്‍നിന്നുമാണ് തുണ്ടയെ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി അഡീഷനല്‍ സെഷന്‍സ് കോടതി വെറുതെവിട്ടത്. കരോള്‍ ബാഗിലെ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒട്ടേറേപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. സാദര്‍ ബസാറില്‍ ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റിരുന്നു.

1998ല്‍ പിടിയിലായ ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു തുണ്ടയെ പ്രതി ചേര്‍ത്തത്. 2013 ഓഗസ്റ്റ് 16ന് ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നാണു തുണ്ടയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ കൈമാറാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ട 20 ഭീകരരിലൊരാളാണു തുണ്ട.  കഴിഞ്ഞ മാസം മറ്റൊരു കേസിലും തുണ്ടയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.