എല്‍നിനോ ശക്തമാകുന്നു; രാജ്യത്ത് വരൾച്ച് ഭീഷണി

single-img
24 April 2015

elninoന്യൂഡല്‍ഹി: എല്‍നിനോ പ്രതിഭാസം കൂടുതല്‍ ശക്തമാകുന്നു. ഇത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന് ഭീഷണിയായിത്തീരുമെന്ന് വിദഗ്ധർ. ഈ പ്രതിഭാസം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കടുത്ത വരള്‍ച്ചയ്ക്ക് ഇടയാക്കുമെന്ന് ബുധനാഴ്ച കാലാവസ്ഥാവിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 93 ശതമാനം മഴമാത്രമേ ഉണ്ടാകുകയുള്ളൂവെന്നായിരുന്നു പ്രവചനം. കാലവര്‍ഷം ഇത്തവണ വൈകാനുള്ള സാധ്യതയില്ലെങ്കിലും കുറയാനുള്ള സാധ്യത കൂടുതലാണ്.

രാജ്യത്തിന്റെ മധ്യമേഖലകളിലും വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലും മഴയില്‍ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെയാകും ഇത് ഏറ്റവും രൂക്ഷമായി ബാധിക്കുക. കാര്‍ഷികമേഖലയുടെ തകര്‍ച്ചയ്‌ക്കൊപ്പം ഭക്ഷ്യവസ്തുക്കളുടെ വന്‍ വിലക്കയറ്റത്തിനും ഇത് ഇടയാക്കിയേക്കും. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 96 മുതല്‍ 104 ശതമാനം വരെ മഴ ലഭിച്ചാല്‍ സാധാരണതോതിലുള്ള മഴ ലഭ്യതയായാണ് കണക്കാക്കുന്നത്.

എന്നാല്‍, 2014-ല്‍ 12 ശതമാനം മഴക്കുറവ് ഉണ്ടായിരുന്നു. അഞ്ച് വര്‍ഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വരള്‍ച്ചയായിരുന്നു ഇതേത്തുടര്‍ന്നുണ്ടായത്. കൃഷിയിറക്കല്‍ മുതല്‍ വിളവെടുപ്പിനെ വരെ ഈ മഴ ദൗര്‍ലഭ്യം സാരമായി ബാധിച്ചു. 2002, 2004, 2009 വര്‍ഷങ്ങളിലാണ് ഇതിനുമുമ്പ് കാലവര്‍ഷത്തെ എല്‍നിനോ ദോഷകരമായി ബാധിച്ചത്. ഇതില്‍ 2009-ല്‍ രാജ്യത്തുണ്ടായത് നാല് പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും രൂക്ഷമായ വരള്‍ച്ചയായിരുന്നു. ആ വര്‍ഷം ഭക്ഷ്യ വസ്തുക്കള്‍ക്ക് 20 ശതമാനം വരെ വില കൂടി.