രാജാക്കാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ കിടപ്പു രോഗികള്‍ക്ക് ആഹാരം വാങ്ങാന്‍ മൂന്ന് കിലോമീറ്റര്‍ സഞ്ചരിക്കണം; ഇക്കാരണത്താല്‍ പലപ്പോഴും പട്ടിണിയിരിക്കുന്ന രോഗികള്‍ക്കായി മുല്ലക്കാനത്തെ ഓട്ടോഡ്രൈവര്‍മാര്‍ ദിവസവും സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നു

single-img
23 April 2015

Humanരാജാക്കാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ കിടപ്പു രോഗികള്‍ക്ക് ആഹാരം കഴിക്കാന്‍ മുന്ന് കിലോമീറ്റമറാളമാണ് സഞ്ചരിക്കേണ്ടത്. അതുകൊണ്ട് തന്നെ പരസഹായമില്ലാതെ സഞ്ചരിക്കാന്‍ കഴിയാത്ത രോഗികള്‍ക്കായി രംഗത്തിറങ്ങിയിരിക്കുകയാണ് ഒരുകൂട്ടം ഓട്ടോ ഡ്രൈവര്‍മാര്‍. മുല്ലക്കാനം സെവന്‍സ് ഓട്ടോ എസ്.എച്ച്.ജി യുടെ നേതൃത്വത്തില്‍ രാജാക്കാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ കിടപ്പുരോഗികള്‍ക്ക് സൗജന്യഭക്ഷണം നല്‍കി അവര്‍ നന്മമനസ്സുകള്‍ നഷ്ടപ്പെട്ടില്ല എന്നു തെിളിയിക്കുന്നു.

ആശുപത്രി സ്ഥിതി ചെയ്യുന്ന മുല്ലക്കാനത്ത് നിന്നും രാജാക്കാട് പോയാല്‍ മാത്രമേ ഹോട്ടലുകളുള്ളു എന്നതിനാല്‍ ആ അസൗകര്യം കണക്കിലെടുത്താണ് മുല്ലക്കാനം സ്റ്റാന്റിലെ ഓട്ടോ തൊഴിലാളികള്‍ ഈ സത്പ്രവൃത്തിക്കിറങ്ങിയത്. വിവിധ വ്യക്തികള്‍, സ്ഥാപനങ്ങള്‍, സ്വയം സഹായക സംഘങ്ങള്‍, കുടുംബശ്രീ, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സഹായത്തോടെയാണ് എല്ലാ ദിവസവും ഇവര്‍ കിടപ്പു രോഗികള്‍ക്ക് ആഹാരം നല്‍കുന്നത്.

സൗജന്യ ഭക്ഷണമെന്ന ചിന്ത ഇവരുടെ മനസ്സില്‍ എത്തിയെങ്കിലും എങ്ങനെ ഭക്ഷണം പാകം ചെയ്യുമെന്നുള്ളതായിരുന്നു പ്രശ്‌നം. എന്നാല്‍ തൊട്ടടുത്ത പ്രദേശത്തുള്ള കുടുംബശ്രീ പ്രവര്‍ത്തകര്‍ ഭക്ഷണം പാകം ചെയ്തു നല്‍കാമെന്ന് ഏറ്റതോടെ സംഘത്തിന്റെ നേതൃത്വത്തില്‍ ഇതിന് ആവശ്യമായ പാചക വാതകവും, പാത്രങ്ങളുമൊരുക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളു.

സംഘം സെക്രട്ടറി ഒ. ബി. സിബിയുടെ വീട്ടില്‍ പ്രത്യേകമായി തയാറാക്കിയിരിക്കുന്ന കെട്ടിടത്തിലാണ് പാചകം നടത്തുന്നത്. ഓരോ ദിവസവും ഓരോ സംഘാങ്ങള്‍ക്കാണ് ആശുപത്രിയില്‍ ആഹാരം എത്തിക്കുന്നതിനുള്ള ചുമതല നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പരാതിയും പരിഭവവുമില്ലാതെ അക്കാര്യം ഭംഗിയായി നടക്കുന്നു. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് രണ്ടോടെ ആശുപത്രിയില്‍ ഒ.പി അവസാനിക്കുന്ന സമയത്ത് കിടപ്പ് രേഗികളുടെ എണ്ണം എത്രയെന്ന് വിളിച്ചന്വേഷിച്ച് ശേഷമാണ് ആഹാരവുമായി ഇവര്‍ അവിടെ എത്തുന്നത്.

അവികസിത മേഖലയായ കുത്തുങ്കല്‍, മാവറസിറ്റി, മാങ്ങാത്തൊട്ടി, കനകപ്പുഴ, കൊച്ചുപ്പ്, വട്ടക്കണ്ണിപ്പാറ , പുന്നസിറ്റി എന്നീ സ്ഥലങ്ങളില്‍ നിന്നെത്തുന്ന നിര്‍ധനരായ രോഗികള്‍ക്ക് ഏറെ സഹായകകരമായ ഭക്ഷണ വിതരണ പദ്ധതിയ്ക്ക് വലിയ പിന്തുണയാണ് നാട്ടുകാരില്‍ നിന്നു ലഭിക്കുന്നത്. കോ ഓര്‍ഡിനേറ്റര്‍ വി.വി ബാബു, സെക്രട്ടറി ഒ. ബി സിബി , പ്രസിഡന്റ് പി.എസ് സുകുമാരന്‍ എന്നിവരാണ് ഈ മനുഷ്യത്വപരമായ സത്കര്‍മ്മങ്ങള്‍ക്ക് മനതൃത്വം നല്‍കുന്നത്.