കൊലപാതകം മാനഭംഗം തുടങ്ങിയ നീച കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന 16 വയസ്സ് മുതലുള്ളവരെ മുതിര്‍ന്നവരായി കണക്കാക്കി ശിക്ഷനല്‍കാനുള്ള നിയമം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു

single-img
23 April 2015

juveniles_500x279

കേന്ദ്ര സര്‍ക്കാര്‍ ജുവനൈല്‍ ജസ്റ്റിസ് നിയമം ഭേദഗതി ചെയ്യുന്നു. നിലവില്‍ 18 വയസ്സുകഴിഞ്ഞവരെയാണു കുറ്റകൃത്യങ്ങളില്‍ മുതിര്‍ന്നവരായി കണ്ടു ശിക്ഷിച്ചിരുന്ന രീതി മാറ്റി കൊലപാതകം, മാനഭംഗം തുടങ്ങിയ നീച കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന പതിനാറു വയസ്സുകഴിഞ്ഞ പ്രതികളെ മുതിര്‍ന്നവരായി കണക്കാക്കി ശിക്ഷ നല്‍കാനുള്ള ബില്‍ പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും.

പതിനാറിനും പതിനെട്ടിനും ഇടയ്ക്കു പ്രായമുള്ളവര്‍ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതു വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിയമം ഭേദഗതി ചെയ്യുന്നത്. കേന്ദ്ര വനിതാ – ശിശു ക്ഷേമ മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടെ വിവിധ തലങ്ങളില്‍ നടത്തിയ വിശദമായ കൂടിയാലോചനകള്‍ക്കു ശേഷമാണു ഭേദഗതി ബില്ലിന്റെ കരടു തയാറാക്കിയത്. മാത്രമല്ല വെബ്‌സൈറ്റില്‍ ബില്ലിന്റെ കരടുരൂപം പ്രസിദ്ധീകരിച്ചു പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയിരുന്നു.

പുതിയ ബില്ലില്‍ കുറ്റകൃത്യങ്ങളെ ലഘുവായവ, ഗുരുതരമായവ, നീചമായവ എന്നിങ്ങനെ വിശദമായി വേര്‍തിരിച്ചിട്ടുണ്ട്. അതേസമയം, കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും നീച കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതു തടയാനുമുള്ള നടപടികളും ബില്ലില്‍ നിര്‍ദേശിക്കുന്നുണ്ട്. പതിനാറിനും പതിനെട്ടിനും ഇടയ്ക്കു പ്രായമുള്ളവര്‍ നീച കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടാല്‍ അവര്‍ ‘കുട്ടികള്‍ എന്ന നിലയിലാണോ ‘പ്രായപൂര്‍ത്തിയായ വ്യക്തിയെന്ന നിലയിലാണോ കുറ്റകൃത്യത്തിലേര്‍പ്പെട്ടതെന്നു ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകള്‍ പരിശോധിച്ചു വിലയിരുത്തുമെന്നും മനഃശാസ്ത്രജ്ഞനും സാമൂഹികശാസ്ത്ര വിദഗ്ധരും ഉള്‍പ്പെട്ട ബോര്‍ഡ് കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നുവെന്നും ഉറപ്പു വരുത്തുമെന്നും ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്.