ട്വീറ്ററില്‍നിന്ന് ഇറങ്ങി രാജ്യത്ത് നടക്കുന്ന യാഥാര്‍ഥ്യങ്ങള്‍ കാണാന്‍ പ്രധാനമന്ത്രി മോഡിയോട് എംബി രാജേഷ്

single-img
23 April 2015

MB_Rajesh1ന്യൂഡല്‍ഹി:  കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ പാര്‍ലമെന്റിന്റെ ഇരുസഭകളിലും സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചു. ബഹളം കാരണം ഇരുസഭകളും പലതവണ തടസ്സപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രത്യേക പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ ബഹളം. സമ്മര്‍ദം ശക്തമായ സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാനും പ്രത്യേക പ്രസ്താവന നടത്താനും പ്രധാനമന്ത്രി നരേന്ദ്ര മോഡി തയ്യാറായി. കര്‍ഷകന്റെ ജീവനക്കേള്‍ പ്രധാനമായി മറ്റൊന്നുമില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. കര്‍ഷകരെ ഒറ്റപ്പെടുത്തുന്ന സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല.

വര്‍ഷങ്ങളായി കര്‍ഷകര്‍ രാജ്യത്ത് ആത്മഹത്യ ചെയ്യുന്നുണ്ട്. കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഇപ്പോഴുണ്ടായതല്ലെന്നും നേരത്തേയുള്ളതാണെന്നും അത് പരിഹരിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.  ഇതെല്ലാം കണക്കിലെടുത്തായിരിക്കും സര്‍ക്കാരിന്റെ നടപടികളെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കര്‍ഷകന്റേത് ആത്മഹത്യയല്ലെന്നും ഭരണകൂടം നടത്തിയ കൊലപാതകമാണ് ഇതെന്നുമായിരുന്നു സിപിഐഎം എംപി എംബി രാജേഷിന്റെ കുറ്റപ്പെടുത്തല്‍. ട്വീറ്ററില്‍നിന്ന് ഇറങ്ങി രാജ്യത്ത് നടക്കുന്ന യാഥാര്‍ഥ്യങ്ങള്‍ കാണാന്‍ പ്രധാനമന്ത്രി മോഡിയോട് എംബി രാജേഷ് ആവശ്യപ്പെട്ടു.

പാര്‍ലമെന്റിന് പുറത്തും സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വലിയ പ്രതിഷേധം അരങ്ങേറി. എഎപിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയായിരുന്നു കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രകടനങ്ങളും പ്രതികരണങ്ങളും. റാലിക്കിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്യാനിടയായതിന് ഉത്തരവാദി എഎപിയും കെജിരിവാളുമാണെന്ന വാദമാണ് കോണ്‍ഗ്രസും ബിജെപിയും മുന്നോട്ടുവെച്ചത്. എഎപിയെ കുറ്റപ്പെടുത്തി ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒളിച്ചോടുകയാണെന്ന് നേതാക്കള്‍ തിരിച്ചടിച്ചു. ആത്മഹത്യ ചെയ്ത രാജസ്ഥാനില്‍ന്നുള്ള കര്‍ഷകന്‍ ഗജേന്ദ്ര സിങിന്റെ മൃതദേഹത്തില്‍ ആദരാഞ്ജലിയര്‍പ്പിക്കാന്‍ സ്വന്തം നാടായ ദൗസയില്‍ ആയിരങ്ങളാണ് എത്തിയത്.