കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസെടുത്തു;മസറത്ത് ആലമിന്റെ ജയില്‍വാസം നീളും

single-img
23 April 2015

masarat-alam-arrestedശ്രീനഗര്‍: പിടിയിലായ ജമ്മു കശ്മീര്‍ വിഘടനവാദി നേതാവ് മസറത്ത് ആലമിന്റെ ജയില്‍വാസം നീളുമെന്ന് റിപ്പോർട്ട്. കഴിഞ്ഞയാഴ്ച ശ്രീനഗറില്‍ നടത്തിയ റാലിക്കിടെ പാകിസ്ഥാന്‍ ദേശീയപതാക പ്രദര്‍ശിപ്പിക്കുകയും പാക് അനുകൂല മുദ്രാവാക്യം വിളിക്കുകയും ചെയ്തതിന്റെ പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ആലമിന്റെ പേരില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി. പബ്ലിക് സേഫ്ടി ആക്ട് പ്രകാരമുള്ള കുറ്റം ചുമത്തിയതോടെ വിചാരണ കൂടാതെ രണ്ടു വര്‍ഷം വരെ തടവില്‍ പാര്‍പ്പിക്കുന്നതിന് സര്‍ക്കാരിന് കഴിയും.

2010ല്‍ കശ്മീര്‍ താഴ്‌വരയില്‍ പ്രക്ഷോഭം നയിച്ചതിന്റെ പേരിലാണ് നേരത്തെ ഇയാളെ തടവിലക്കിയിരുന്നത്. അന്ന് പോലീസ്  വെടിവയ്പില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. കശ്മീരില്‍ പിഡിപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് ആലമിനെ ജയില്‍ നിന്നു വിട്ടയച്ചത്. അതിനിടെയാണ് പാക് അനുകൂല റാലി സംഘടിപ്പിച്ച് ആലം വീണ്ടും വിവാദം സൃഷ്ടിച്ചത്. ഇതോടെ കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ നിര്‍ദേശത്തിനു വഴങ്ങി ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ആലമിനെ വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു.