വധശ്രമത്തിന് പിടിയിലായ ഗുണ്ട പോലീസ് സ്‌റ്റേഷന്‍ അടിച്ചു തകര്‍ത്തു

single-img
23 April 2015

juveniles_500x279തിരുവനന്തപുരം: വധശ്രമത്തിന് പിടിയിലായ ഗുണ്ട പോലീസ് സ്‌റ്റേഷന്‍ അടിച്ചു തകര്‍ത്തു. സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിനെ മര്‍ദിക്കുകയും പോലീസ് സ്‌റ്റേഷനിലെ കമ്പ്യൂട്ടറുകളും ജനല്‍ ചില്ലുകളും മേശ, കസേര ഉള്‍പ്പെടെയുള്ള ഫര്‍ണിച്ചറുകള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. ഏറെ നേരം പോലീസ് സ്‌റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച  ഗുണ്ടയെ ഒടുവില്‍ മല്‍പ്പിടിത്തത്തിലൂടെയാണ്  പോലീസ് കീഴടക്കിയത്. കുപ്രസിദ്ധ ഗുണ്ടയും കാഞ്ഞിരംകുളം ചാവടിമുക്ക് സ്വദേശിയുമായ ഷിബു എസ് നായരാണ് (35) കാഞ്ഞിരംകുളം പോലീസ് സ്‌റ്റേഷനെ വിറപ്പിച്ചത്.

ഇയാള്‍ക്കെതിരെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ 16 ഓളം കേസുകള്‍ നിലവിലുണ്ട്. ബുധനാഴ്ച രാത്രിയാണ് എസ്‌ഐ ശാന്തകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഷിബുവിനെ അറസ്റ്റ് ചെയ്യുന്നത്. ചാവടിനടയില്‍ കട നടത്തുന്ന എഴുപതുകാരനായ പ്രഭാകരന്‍ നായരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലായിരുന്നു അറസ്റ്റ്. ഷിബുവിനെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് രണ്ട് പോലീസുകാരെ കാവല്‍ നിര്‍ത്തി എസ്‌ഐ. പട്രോളിംഗിന് പുറത്ത് പോയപ്പോഴാണ് പ്രതിയുടെ പരാക്രമണം.

ഗുണ്ടയുടെ മര്‍ദ്ദനമേറ്റ് വീണ സിപിഒ യാക്കൂബിനെ പുല്ലുവിള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഇയാള്‍ക്കെതിരെ  ഗുണ്ടാ ആക്ട് പ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും പോലീസ് പറഞ്ഞു.