അല്‍ജസീറക്ക് കേന്ദ്രം ഏര്‍പ്പെടുത്തിയ അഞ്ചു ദിവസത്തെ വിലക്ക് പ്രാബല്യത്തില്‍

single-img
23 April 2015
aljazeera-logo

aljazeera-logo

ദില്ലി: അല്‍ ജസീറ ചാനലിന് കേന്ദ്രം ഏര്‍പ്പെടുത്തിയ അഞ്ചു ദിവസത്തെ വിലക്ക് പ്രാബല്യത്തില്‍. ബുധനാഴ്ച മുതല്‍ അഞ്ചു ദിവസത്തേക്ക് ചാനല്‍ ഇന്ത്യയിലെവിടെയും ലഭ്യമാകില്ലെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം അറിയിച്ചു. രണ്ടുതവണ ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ചതിനെ തുടര്‍ന്നാണ് വിലക്ക്. ഭൂപടം തെറ്റായി കാണിച്ചതിന് ഒരു അന്താരാഷ്ട്ര ചാനലിന് ഇതാദ്യമായാണ് ഇന്ത്യയില്‍ വിലക്കുശിക്ഷ ലഭിക്കുന്നത്.  സംഭവത്തെക്കുറിച്ച് ആരോപണം ഉര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണത്തിനായി സര്‍വേയര്‍ ജനറല്‍ ഓഫ് ഇന്ത്യയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചാനലിന് വിലക്കു ശിക്ഷ നല്‍കാന്‍ തീരുമാനിച്ചത്.  ആഗോള വാര്‍ത്ത വിതരണ കമ്പനികള്‍ ഉപയോഗിക്കുന്ന രാജ്യാന്തര അംഗീകൃത ഭൂപടമാണ് തങ്ങള്‍ ഉപയോഗിച്ചതെന്നായിരുന്നു അല്‍ ജസീറയുടെ മറുപടി. മറുപടി തൃപ്തികരമല്ലെന്ന് എസ്ജിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

2005ലെ പ്രതിരോധ വകുപ്പ് പുറപ്പെടുവിച്ച ഭൂപട നിയന്ത്രണ നയം, ദേശീയ ഭൂപട നയം എന്നിവയുടെ ലംഘനമാണ് ചാനല്‍ നടത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതേ തുടര്‍ന്ന് ചാനലിനോട് കൂടുതല്‍ വിശദീകരണം കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇനിമുതല്‍ യുഎന്‍ അംഗീകരിച്ച ഭൂപടം ഉപയോഗിക്കാമെന്ന് ചാനല്‍ അറിയിച്ചെങ്കിലും നിയമലംഘനത്തിന് കടുത്ത ശിക്ഷ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.