ബാര്‍ കോഴ; മന്ത്രി കെ. ബാബുവിനെതിരെ കേസെടുക്കും

single-img
23 April 2015

K_BABUതിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തിൽ ബിജുരമേശ് മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴി പ്രകാരം മന്ത്രി കെ. ബാബുവിനെതിരെ കേസെടുത്തേക്കും. അഴിമതി നിരോധനനിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം കൈക്കൂലി ചോദിക്കുന്നത് അഞ്ചു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ബാര്‍ ഉടമകളില്‍ നിന്ന് മന്ത്രി ബാബു 10 കോടി രൂപ വാങ്ങിയതായി ബിജു രമേശ് മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിയിൽ പറയുന്നു.

മന്ത്രി മാണിക്കെതിരായ കേസിലാണ് ബിജു മൊഴി നല്‍കിയതെങ്കിലും അതില്‍ മറ്റൊരു അഴിമതി കൂടി വെളിപ്പെടുത്തിയാല്‍ കേസെടുക്കാവുന്നതാണ്. അഴിമതി നിരോധന നിയമപ്രകാരം മജിസ്‌ട്രേറ്റിന് കേസെടുക്കാനാകില്ലെങ്കിലും കേസ് പരിഗണിക്കുന്ന വിജിലന്‍സ് ജഡ്ജിക്കോ വിജിലന്‍സിനോ കേസെടുക്കാവുന്നതാണ്.

2012-13 വര്‍ഷത്തെ എക്‌സൈസിന്റെ പ്രീ ബജറ്റ് യോഗത്തില്‍ ബാറുകളുടെ ലൈസന്‍സ് ഫീ 22 ലക്ഷത്തില്‍ നിന്നും 30 ലക്ഷമായി ഉയര്‍ത്തുമെന്ന് ബിജു കൂടി പങ്കെടുത്ത ബാര്‍ ഉടമകളുടെ യോഗത്തിലാണ് മന്ത്രി ബാബു പറഞ്ഞത്. 30 ലക്ഷമായി ഉയര്‍ത്താതിരിക്കാന്‍ 10 കോടി രൂപ ആവശ്യപ്പെട്ടെന്നാണ് ബിജുവിന്റെ മൊഴി.

പോലീസിന് നല്‍കുന്ന മൊഴിയെക്കാള്‍ നിയമസാധുതയുണ്ട് മജിസ്‌ട്രേറ്റിന് നല്‍കുന്ന മൊഴിക്ക്. എല്ലാ കേസുകളും രജിസ്റ്റര്‍ ചെയ്യുന്നത് മൊഴികളുടെ അടിസ്ഥാനത്തിലാണ്. മന്ത്രി ബാബുവിനൊപ്പം പണം ചോദിക്കുമ്പോള്‍ ബിജുവിനൊപ്പമുണ്ടായിരുന്ന ബാര്‍ ഉടമകളെ കൂടി പ്രതി ചേര്‍ത്ത് കേസെടുക്കേണ്ടിവരുമെന്ന് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.