കൈക്കൂലിക്കേസിൽ എസ്.ഐക്കും എ.എസ്‌.ഐക്കുമെതിരെ അടിയന്തര നടപടി; എസ്പി നടപടി അറിയിച്ചത് വയര്‍ലെസ് സന്ദേശത്തിലൂടെ

single-img
23 April 2015

policecapകണ്ണൂര്‍: കൈക്കൂലിക്കേസിൽ എസ്.ഐക്കും എ.എസ്‌.ഐക്കുമെതിരെ അടിയന്തര നടപടിക്ക് ജില്ലാ പോലീസ് മേധാവി നിര്‍ദേശം നല്‍കി. കൈക്കൂലി വാങ്ങിയതിന് കുടിയാന്മല എസ്.ഐ സതീശനേയും അക്കാര്യം റിപ്പോര്‍ട്ട് ചെയ്യാതിരുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ സ്‌കറിയക്കെതിരെയുമാണ് ജില്ലാ പോലീസ് മേധാവി പി.എന്‍ ഉണ്ണിരാജന്‍ അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കിയത്. ഇരുവരെയും സ്ഥലം മാറ്റിയ വിവരം വയര്‍ലെസ് സന്ദേശത്തിലൂടെയാണ് എസ്.പി  അറിയിച്ചത്. നാട്ടുകാരാണ് കൈക്കൂലിയുടെ വിവരം എസ്.പിയെ അറിയിച്ചത്.

സതീശനെ കണ്ണൂര്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയിലേക്കും സ്‌കറിയയെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡ്യൂട്ടി ഒഴിവാക്കി വളപട്ടണം ലോക്കല്‍ പോലീസിലേക്കുമാണ് മാറ്റിയത്. എസ്.ഐ കൈക്കൂലിവാങ്ങുന്ന വിവരം നാട്ടുകാര്‍ ഫോണിലൂടെ കൈമാറിയപ്പോള്‍ പതിവ് പരാതിയായേ എസ്.പിയും കണ്ടിരുന്നുള്ളൂ. എന്നാല്‍ വിളിച്ചയാള്‍ വ്യക്തമായ വിവരങ്ങള്‍ നല്‍കുകയും അന്വേഷണാവശ്യത്തിനായി തന്റെ പൂര്‍ണവിലാസവും ഫോണ്‍നമ്പറും കൈമാറുകയും ചെയ്തു.

ഇതോടെ, എസ്.പി രഹസ്യാന്വേഷണവിഭാഗത്തെ അന്വേഷണം ഏല്പിച്ചു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എസ്.ഐ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന ഇടപാടുകള്‍ നടത്തിയെന്നാണ് എസ്.പിക്ക് ലഭിച്ച റിപ്പോര്‍ട്ടിലുള്ളത്. ഇക്കാര്യം ഈ സ്റ്റേഷനിലെതന്നെ പോലീസുകാര്‍ക്ക് അറിയാം. ഇത് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുള്ള സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്‌.ഐ വിവരങ്ങള്‍ കൈമാറാതെ മറച്ചുവെച്ചതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതോടെയാണ് ഇരുവര്‍ക്കുമെതിരെ എസ്.പി അടിയന്തര നടപടിയെടുത്തത്. എല്ലാ സ്റ്റേഷനിലും കൈക്കൂലിക്കാര്യത്തില്‍ ജാഗ്രതയുണ്ടാകാനാണ് വയര്‍ലെസ് സന്ദേശത്തിലൂടെ നടപടി അറിയിച്ചതെന്നാണ് സൂചന. ജില്ലയിലെ എല്ലാ വയര്‍ലെസ് സെറ്റിലും കേള്‍ക്കാന്‍തക്കവിധമാണ് രണ്ടുപേര്‍ക്കെതിരെയുള്ള നടപടിയും അതിനുണ്ടായ കാരണവും എസ്.പി. വിശദീകരിച്ചത്.