സര്‍ക്കാരിന്റെ നൂറുശതമാനം വിജയം അഥവാ പ്രലോഭനത്തിലൂടെ തോല്‍വി ഏറ്റുവാങ്ങുന്ന വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും

single-img
22 April 2015

SSLC

ഏഴാം ക്ലാസില്‍ പഠിക്കുന്ന വലിയൊരു വിഭാഗം കുട്ടികള്‍ക്കും മലയാളം എഴുതാനും വായിക്കാനുമറിയില്ല. ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു പ്രസ്താവനയാണെന്ന് കരുതുന്നുണ്ടെങ്കില്‍ തെറ്റി. സി.എ.ജിയുടെ നിര്‍ദ്ദേശപ്രകാരം എസ്.സി.ഇ.ആര്‍.ടി നടത്തിയ കുട്ടികളുടെ പഠന നിലവാരത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ട് 2015 മാര്‍ച്ച് 23 ന് കേരള നിയമസഭയില്‍ വെച്ചപ്പോള്‍ നമ്മുടെ ജനപ്രതിനിധികളെയെല്ലാം ഞെട്ടിപ്പിച്ച റിപ്പോര്‍ട്ടിലെ ഒരു സ്‌റ്റേറ്റമെന്റായിരുന്നു അത്. കൂട്ടത്തില്‍ ഒന്നുകൂടി പറയുന്നുണ്ട്, നാലാം ക്ലാസിലെ 66 ശതമാനം കുട്ടികള്‍ക്കും മലയാള അക്ഷരങ്ങള്‍ തെറ്റുകൂടാതെ എഴുതാനറിയില്ലെന്ന കാര്യം കൂടി.

കേരള സംസ്ഥാനം പിറവികൊണ്ട ശേഷം ഏറ്റവും വലിയ വിജയ ശതമാനം ലഭിച്ച ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം യഥാര്‍ത്ഥത്തില്‍ സന്തോഷത്തേക്കാളുപരി ആശങ്കയാണ് തരുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഈയൊരു ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തു വന്നിതിന് തൊട്ടുപിന്നാലെയുള്ള ഈ ഫലപ്രഖ്യാപനത്തില്‍ ഏകദേശം മുഴുവന്‍ കുട്ടികളും നല്ല മാര്‍ക്ക് വാങ്ങി പാസായെന്ന് പറയുമ്പോള്‍ അതിനുള്ളിലെ പൊള്ളത്തരം പുക നീങ്ങി മുന്നില്‍ തെളിയുന്നു. തുടര്‍ന്ന് ഫലപ്രഖ്യാപനത്തില്‍ ചെറിയ രീതിയിലാണെങ്കിലും അപാകതകള്‍ സംഭവിച്ചുവെന്ന വിദ്യാഭ്യാസ മന്ത്രിയുടെ കുമ്പസാരവും കൂടിയാകുമ്പോള്‍ തിടുക്കപ്പെട്ടുള്ള ഈ റിസള്‍ട്ട് എന്തിനായിരുന്നുവെന്ന ചോദ്യത്തോടൊപ്പം വിദ്യാര്‍ത്ഥികളുടെ ഭാവിയെപ്പറ്റിയുള്ള ഉത്കണ്ഠയും ഉയര്‍ന്നുവരുന്നു.

പത്താം ക്ലാസില്‍ പൂര്‍ണ്ണ വിജയ ജേതാക്കളായി പഠിച്ചിറങ്ങുന്ന കുട്ടികളുടെ വിദ്യാഭ്യാസ നിലവാരമല്ല സര്‍ക്കാര്‍ ഇവിടെ ലക്ഷ്യമിടുന്നത്. അവരിലൂടെ, പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള ഓര്‍മ്മകളില്‍ പോലും രോമാഞ്ചമണിയിക്കാനുള്ള വിജയ ശതമാനമാണ്. 1980- 90 കളിലെ റാങ്കിങ്ങ് സംവിധാനത്തില്‍ നിന്നും ഗ്രേഡ് സംവിധാനത്തിലേക്ക് മാറിയപ്പോഴെ അപാകതയുടെ അപകടം മണത്ത സംസ്ഥാന വിദ്യാഭ്യാസ രംഗം ഈ ഫലപ്രഖ്യാപനത്തോടെ രാജ്യത്തെ ഏറ്റവും വലിയ നാണക്കേട് തലയിലേറ്റിയിരിക്കുകയാണ്. നിര്‍മ്മാണ ജോലികള്‍ റേറ്റിന് ഏറ്റെടുക്കുന്നവര്‍, പറയുന്ന സമയത്തിന് മുമ്പ് പണിതീര്‍ത്തുകൊടുക്കാന്‍ കാണിക്കുന്ന വ്യഗ്രത കുട്ടികളുടെ ഭാവിയും രക്ഷിതാക്കളുടെ ആശങ്കയും മുന്‍നിര്‍ത്തി ഇതുപോലുള്ള ജീവിതപ്രധാനമായ വസ്തുതകളില്‍ പരീക്ഷിക്കുന്നതെന്തിനാണെന്നാണ് മനസ്സിലാകാത്തത്.

എന്‍.സി.ഇ.ആര്‍.ടി സര്‍വ്വശിക്ഷാ അഭിയാന്റെ സഹകരണത്തോടെ നടത്തിയ നാഷഗണല്‍ ആച്ചിവ്‌മെന്റ്‌സ് ഫലം കേരളത്തിലെ വളര്‍ന്നുവരുന്ന തലമുറയുടെ വിദ്യാഭ്യാസ തകര്‍ച്ചയാണ് വ്യക്തമാക്കുന്നത്. മുന്നാം ക്ലാസിലെ ഗുണനത്തില്‍ മദശിയ തലത്തില്‍ കേരളത്തിന്റെ സ്ഥാനം 25 ഉം, ഹരണത്തില്‍ 21 മാണ്. വ്യവകലനത്തില്‍ 17 മത് സ്ഥാനത്തു നിന്നും മുമന്നാട്ടു കുതിക്കാനുള്ള ഒരു നീക്കം പോലും നടത്താന്‍ കേരളത്തിന് ആകുന്നില്ല. ഗണിതമെന്ന വിഷയം മൊത്തത്തിലെടുത്താല്‍ ഒമ്പതാം സ്ഥാനത്താണ് ഈ സമ്പൂര്‍ണ്ണ സാക്ഷര സംസ്ഥാനം. തൊട്ടയല്‍പ്പക്കമായ തമിഴ്‌നാട് ഇക്കാര്യങ്ങളിലെല്ലാം നമ്മുടെ കേരളത്തിന്റെ ഒത്തിരി മുന്നിലാണെന്നുള്ളതുകൂടി ഈ അവസരത്തില്‍ ഓര്‍ക്കണം.

എരിതീയില്‍ നിന്നും വറചട്ടിയിലേക്കെന്ന പോലെയാണ് ഈ ഒരു അവസ്ഥയില്‍ നിന്നും പത്താം ക്ലാസ് പാസാകുന്നത്. ഇവര്‍ പത്ത് പാസായി ഇനി എങ്ങോട്ടാണ് പോകുക? എഴുതുന്നവര്‍ക്ക് ജയമെന്ന മുദ്രാവാക്യം മുറുകെ പിടിക്കുന്ന സര്‍ക്കാരിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ ജയിക്കുകയല്ല യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്, പ്രലോഭനത്തിലൂടെ തോല്‍വി ഏറ്റുവാങ്ങുകയാണ്. കൂട്ടത്തില്‍ പാവം രക്ഷകര്‍ത്താക്കളും. കേരള ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വിജയശതമാനം സൃഷ്ടിച്ചെടുത്ത വിദ്യഭ്യാസ വകുപ്പ് ഏറ്റവും കുറച്ച് വിജയശതമാനം കുറിച്ച 1975 ലെ എസ്.എസ്.എല്‍്‌സി പരീക്ഷകൂടി ഓര്‍ക്കുന്നത് നന്നായിരിക്കും. 1972 ല്‍ എട്ടാം ക്ലാസില്‍ നിന്നും എല്ലാവരും കൂട്ടത്തോടെ 9 ലേക്ക് കടത്തിവിട്ടതിലൂടെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി നൂറുശതമാനം വിജയമാണ് സ്‌കൂളുകള്‍ക്ക് നല്‍കിയത്. അടുത്തവര്‍ഷം ഈ കുട്ടികളെത്തന്നെ 10ലേക്ക് കടത്തിവിട്ട് ചാക്കീരി വീണ്ടും വിസ്മയം കുറിച്ചു. പക്ഷേ പത്താം ക്ലാസില്‍ ഈ ഒരു വിജയം പ്രതീക്ഷിച്ചിരുന്ന കുട്ടികളെയും രക്ഷകര്‍ത്താക്കളെയും വിഢികളാക്കി എഴുതിയര്‍ക്ക് മാത്രം മാര്‍ക്ക് കൊടുത്തു. ആ വര്‍ഷശത്ത വിജയശതമാനം 20.4.

അന്ന് വിദ്യാഭ്യാസവകുപ്പ് ഭരിച്ചിരുന്ന അതേ രാഷ്ട്രീയ പാര്‍ട്ടി തന്നെയാണ് ഇന്നും വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്നുവെന്നുള്ളത് ചരിത്രത്തിന്റെ നിയോഗമാകാം.