കേന്ദ്രസര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ ബില്ലില്‍ പ്രതിഷേധിച്ച് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു; എഎപിയുടെ റാലിക്കിടെയാണ് സംഭവം

single-img
22 April 2015

farmer-suicideകേന്ദ്രസര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ എഎപി ന്യൂഡല്‍ഹിയില്‍ നടത്തിയ റാലിക്കിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ജന്തര്‍ മന്ദറില്‍ നടന്ന റാലിക്കിടെയാണ് സംഭവം. രാജസ്ഥാനിലെ ദൗസയില്‍ നിന്നുള്ള കര്‍ഷകനായ ഗജേന്ദ്രയാണ് മരിച്ചത്. ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരായ റാലിയില്‍ അരവിന്ദ് കെജ്രിവാള്‍ സംസാരിച്ചു കൊണ്ടിരിക്കെയാണ് ഇദ്ദേഹം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ എഎപി പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെയും ഭൂമിയേറ്റെടുക്കല്‍ നിയമഭേദഗതിക്കെതിരെയും ന്യൂഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സംഘടിപ്പിച്ച റാലിയുടെ ഉദ്ഘാടന വേദിക്ക് സമീപത്തെ മരത്തിലാണ് ഇയാള്‍ തൂങ്ങിമരിച്ചത്.ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. തങ്ങളും സര്‍ക്കാരും ഈ കര്‍ഷകന്റെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും സിസോദിയ കൂട്ടിച്ചേര്‍ത്തു.

ജന്തര്‍മന്ദറില്‍ നിന്നും പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനാണ് എഎപി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ റാലിക്ക് പോലീസ് അനുമതി നല്‍കിയിട്ടില്ല. പാര്‍ലമെന്റ് സമ്മേളിച്ചിരിക്കുന്ന സമയമായതിനാല്‍ ന്യൂഡല്‍ഹിയില്‍ ഇപ്പോള്‍ 144 നിലവിലുണ്ട്. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. പ്രദേശത്ത് പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.