സ്മാര്‍ട്ട് ഫോണിലൂടെ ദൂരദര്‍ശന്‍ തിരിച്ചുവരുന്നു

single-img
22 April 2015

doordarshaNസ്മാര്‍ട്ട് ഫോണിലൂടെ ദൂരദര്‍ശന്‍ തിരിച്ചുവരാനൊരുങ്ങുന്നു. മൊബൈല്‍ ഇന്റര്‍നെറ്റോ, ബ്രോഡ്ബാന്റോ, വൈഫൈ സര്‍വീസോ ഇല്ലാതെ സ്മാര്‍ട്ട് ഫോണിലൂടെ ദൂരദര്‍ശന്‍ ചാനലുകള്‍ സൗജന്യമായി ലഭ്യമാക്കാനാണ് പ്രസാര്‍ ഭാരതി ഒരുങ്ങുന്നത്. ദൂരദര്‍ശന്റെ 20 സൗജന്യ ടെലിവിഷന്‍ ചാനലുകളും എഫ്എം ഗോള്‍ഡടക്കമുളള എല്ലാ റേഡിയോ ചാനലുകളും സ്മാര്‍ട്ട് ഫോണുകളിലൂടെ ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച പദ്ധതി രൂപരേഖ പ്രസാര്‍ഭാരതി വാര്‍ത്താവിതരണ മന്ത്രാലയത്തിന് സമര്‍പ്പിച്ചു.

ചാനലുകള്‍ ലഭിക്കുന്നതിനായി പ്രത്യേക ഡോങ്കിള്‍ ഫോണില്‍ ഘടിപ്പിക്കണം. ഡോങ്കിള്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഘടിപ്പിക്കാനുളള ഹാര്‍ഡ്‌വെയര്‍ സംവിധാനം ഒരുക്കാന്‍ പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളുമായി പ്രസാര്‍ ഭാരതി ചര്‍ച്ച ആരംഭിച്ചതായി പറയപ്പെടുന്നു. സ്വകാര്യചാനലുകളുമായുളള കടുത്ത മത്സരത്തിനിടെ പിടിച്ചുനില്‍ക്കുന്നതിന് വേണ്ടിയാണ് പ്രസാര്‍ഭാരതിയുടെ പുതിയ നീക്കം.