ക്രിക്കറ്റിനെ ഇന്ത്യക്കാർ കൈവിടുന്നു

single-img
22 April 2015

criketഡൽഹി : ക്രിക്കറ്റിനെ ഇന്ത്യക്കാർ കൈവിടുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. അടുത്ത കാലത്തായി ടെലിവിഷനിലൂടെ ക്രിക്കറ്റ് കാണുന്നവരുടെ എണ്ണത്തിൽ 40 ശതമാനത്തോളം  കുറഞ്ഞതായി പറയപ്പെടുന്നു. 2008ൽ വീക്ക്‌ലി ഗ്രോസ് റേറ്റിംഗ് പോയിന്റ് 105 ആയിരുന്നത് 2014 ആയപ്പോൾ 61ന്നായി കുറഞ്ഞു. വെറുമൊരു കളി മാത്രമായിരുന്ന ക്രിക്കറ്റിനെ ഇന്ത്യാക്കാർ ദേശീയ വികാരമായി കണ്ടിരുന്നത്. ഇന്ത്യക്കാർ ക്രിക്കറ്റ് താരങ്ങൾക്ക് ദൈവിക പരിവേഷം വരെ നൽകിയിരുന്നു. എന്നാൽ ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത് ഇന്ത്യയിൽ ക്രിക്കറ്റിന്റെ പ്രചാരം കുറഞ്ഞുകൊണ്ടിരിക്കുകയാണെ എന്നതാണ്.

ലോകത്തെ ഏറ്റവും സമ്പന്നമായ സ്‌പോർട്സ് അസോസിയേഷനുകളിൽ ഒന്നായ ബി.സി.സി.ഐയെ വരുമാനത്തിലും ഇത് വൻകുറവുണ്ടാക്കി. സച്ചിൻ ടെൻഡുക്കർ ഉൾപ്പെടെയുള്ള നിരവധി ഇതിഹാസ താരങ്ങളുടെ വിരമിക്കലും ക്രിക്കറ്റിന്റെ സ്വീകാര്യതയ്ക്ക് മങ്ങലേൽപ്പിച്ചുവെന്നാണ് പഠനങ്ങൾ പറയുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രിക്കറ്റ് ആരാധകരുള്ള മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, ഉത്തർപ്രദേശ്, വെസ്റ്റ് ബംഗാൾ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്.

കൂടാതെ ക്രിക്കറ്റിനെ വെല്ലുന്ന വിധത്തിൽ മറ്റ് കായിക ഇനങ്ങളുടെ പ്രചാരം വർദ്ധിക്കുന്നതായും റിപ്പോർട്ടുണ്ട്. ഫുട്ബാൾ, ഹോക്കി, ടെന്നിസ്, ബാഡ്മിന്റൺ, കബഡി എന്നിവയ്ക്ക് വേണ്ടി പുതിയ ലീഗുകൾ തുടങ്ങിയതോടെ അവയുടെ മാർക്കറ്റും കൂടി. ഇതിനൊക്കെ പുറമെ ക്രിക്കറ്റിന്റെ പ്രചാരം കുറയുന്നത് താരങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ക്രിക്കറ്റ് താരങ്ങളെ വെച്ച് പരസ്യമെടുക്കാൻ വൻകിട കമ്പനികൾക്ക് ഇപ്പോൾ പഴയ താത്പര്യമില്ല. 2013-14ൽ കളിക്കാർക്ക് നൽകിയിരുന്ന ലാഭവിഹിതം 11 കോടിയായി കുറഞ്ഞു.

അതിനുമുന്നത്തെ വർഷം നൽകിയത്  49 കോടിയായിരുന്നു. ഇന്ത്യൻ ടീമിന്റെ സ്പോൺസർഷിപ്പ് തുക 2013 ൽ ഒരു മത്സരത്തിന്  3.33 കോടിയായിരുന്നത് 2014ൽ 2 കോടിയായി. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിനും ആരാധകരുടെ കുറവുണ്ട്. ടെസ്റ്റിന്റെ സ്വീകാര്യതയിൽ 17.5 ശതമാനവും ഏകദിനത്തിന് 20 ശതമാനവും ട്വന്റി-20ക്ക് 1 ശതമാനവുമാണ് 2008-2014 ഇടയിൽ കുറഞ്ഞത്.