കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും കൂട്ടാളിയും വിജിലൻസ് പിടിയിൽ

single-img
22 April 2015

arrested-medകുട്ടനാട്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും വില്ലേജ് മാനും വിജിലൻസ് പിടിയിൽ.രാമങ്കരി വില്ലേജ് ഓഫീസർ ഉഷ,വില്ലേജ് മാൻ ലൗജി എന്നിവരെയാണു 15000 രൂപയുമായി വിജിലൻസ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് 4.40നായിരുന്നു സംഭവം.പുതുക്കരി സ്വദേശിയുടെ മകന്റെ വസ്തു പോക്കുവരവ് ചെയ്തുകൊടുക്കുന്നതിന് 15000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്നുള്ള പരാതിയെ തുടർന്നു വിജിലൻസ് നടത്തിയ നീക്കത്തിലാണ് ഇവർ പിടിയിലായത്.

2011ലായിരുന്നു വസ്തു പോക്കുവരവ് ചെയ്യുന്നതിന് ഇവർ അപേക്ഷ നൽകിയിരുന്നത്. 2012 ൽ വസ്തു പോക്കുവരവ് നടന്നിരുന്നുവെങ്കിലും പേരിൽ കൂട്ടി കരം അടച്ചിരുന്നില്ല. അടുത്തിടെ അതിനുള്ള നടപടിക്കായി വില്ലേജിൽ എത്തിയപ്പോൾ വസ്തു പോക്കുവരവ് ചെയ്യുന്നതിന് 15000രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തുടർന്നു വിജിലൻസിനു പരാതി നൽകുകയും അവർ ഫിനോപ്തലിൻ പുരട്ടി നൽകിയ നോട്ട് വില്ലേജ് മാൻ ലൗജിക്കു നൽകുകയുമായിരുന്നു.

ചോദ്യം ചെയ്യലിൽ വില്ലേജ് ഓഫീസറുടെ നിർദ്ദേശത്തെ തുടർന്നാണു താൻ പണം കൈപ്പറ്റിയതെന്ന് ലൗജി മൊഴി നൽകിയിരുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ സംഭവം ശരിയാണെന്നു കണ്ടെത്തിയതിനാൽ വില്ലേജ് ഓഫീസറെയും അറസ്റ്റു ചെയ്യുകയായിരുന്നുവെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബുധനാഴ്ച രാവിലെ കോട്ടയം വിജിലൻസ് കോടതിയിൽ പ്രതികളെ ഹാജരാക്കും.