തെലങ്കാനയില്‍ 5000 രൂപക്കും 50000 രൂപക്കുമിടയിൽ കുഞ്ഞുങ്ങളെ വില്‍ക്കുന്നതായി വെളിപ്പെടുത്തൽ

single-img
22 April 2015

babyഹൈദരാബാദ്: തെലങ്കാനയില്‍ കുഞ്ഞുങ്ങള്‍ വില്‍പനക്ക്. 5000 രൂപ മുതല്‍ 50000 രൂപ വരെ വാങ്ങിയാണ് ഇടനിലക്കാർ കുഞ്ഞുങ്ങളെ വില്‍ക്കുന്നത്. ആവശ്യപ്പെട്ട് അര മണിക്കൂറിനകം കുട്ടിയെ കൈമാറുന്ന തരത്തിലുള്ള സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് അനാഥ കുഞ്ഞുങ്ങളെ പാര്‍പ്പിക്കുന്ന ശിശുഭവനങ്ങള്‍ വഴിയും ഇടനിലക്കാര്‍ വഴിയുമാണെന്ന് കുട്ടികളെ വില്‍ക്കുന്നത് പറയപ്പെടുന്നു. ദത്തെടുക്കലിന്‍റെ നിയമവശങ്ങളെല്ലാം ഒഴിവാക്കികൊണ്ടാണ് വ്യക്തികള്‍ ഇടനിലക്കാരില്‍ നിന്നും പണം നല്‍കി കുട്ടിയെ വാങ്ങുന്നത്.

തെലങ്കാനയിലെ പിന്നാക്ക ജില്ലകളില്‍ ഒന്നായ നല്‍ഗൊണ്ടയിലെ സര്‍ക്കാര്‍ ശിശു ഭവനില്‍ നിന്നും കുട്ടികളെ നിയവിരുദ്ധമായി ദത്ത് നല്‍കാറുണ്ടെന്നും അന്വേഷണത്തിലൂടെ വ്യക്തമായിട്ടുണ്ട്. കുഞ്ഞുങ്ങളെ ഒരാഴ്ചക്കകം എത്തിക്കാമെന്നും കുട്ടികളുടെ ഫോട്ടോകള്‍ വാട്സ് ആപ്പ് വഴിയോ ഇ മെയില്‍ വഴിയോ അയക്കാമെന്നും ഇടനിലക്കാരന്‍ പറയുന്നു.  ശിശു ഗൃഹ എന്ന കുഞ്ഞുങ്ങള്‍ക്കായുള്ള സര്‍ക്കാര്‍ പുനരധിവാസ കേന്ദ്രത്തിലാണ് ഇതൊക്കെ നടക്കുന്നത് ഞെട്ടിക്കുന്ന സത്യമാണ്. ശിശു ഭവനത്തിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം ഇടനിലക്കാരാണ് ആവശ്യക്കാർക്ക് കുട്ടികളെ കൈമാറുന്നത്.

ദത്തെടുക്കലിന്‍റെ ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് അധികൃതരും കുട്ടികളെ വില്‍ക്കുന്നതിന് കൂട്ടുനില്‍ക്കുന്നത്. ഏത് കുട്ടിയെ വേണമെങ്കിലും തെരഞ്ഞെടുക്കാമെന്നാണ് വാഗ്ദാനം. ഉപേക്ഷിക്കുന്ന മാതാപിതാക്കളുടെ സത്യവാങ് മൂലവും കുട്ടികളെ ദത്തെടുക്കുന്നവര്‍ പാലിക്കേണ്ട നിയമപരമായ കാര്യങ്ങളും ചെയ്യാതെയാണ് കുഞ്ഞുങ്ങളെ കൈമാറ്റം ചെയ്തിരുന്നത്.

സംഘം അയ്യായിരം രൂപക്ക് പെണ്‍കുഞ്ഞുങ്ങളെ എത്തിച്ച് കൊടുക്കും. ഉദ്യോഗസ്ഥര്‍ക്കും മറ്റും കൈക്കൂലി കൊടുക്കുന്നതിനായി സംഘം അധിക തുക വാങ്ങാറുണ്ട്. കമലി ബായ് എന്ന ഇടനിലക്കാരി സഹോദരന്‍മാരുടെ കുട്ടികളുള്‍പ്പെടെ 20ലേറെ പെണ്‍കുഞ്ഞുങ്ങളെ വിറ്റതായി അന്വേഷണത്തിൽ വെളിപ്പെട്ടു. ഗ്രാമപ്രദേശങ്ങളിലെ ദാരിദ്ര്യത്തെ മുതലെടുത്തുകൊണ്ടുള്ള മനുഷ്യകടത്താണ് തെലങ്കാനയില്‍ നടക്കുന്നത്.