ജപ്പാന്‍െറ ട്രെയിനായ മാഗ്ലേവ് വേഗതയുടെ കാര്യത്തില്‍ വീണ്ടും സ്വന്തം റെക്കോഡ് തിരുത്തി

single-img
22 April 2015

maglev-fastestടോക്യോ: ജപ്പാന്‍െറ അതിനൂതന ട്രെയിനായ മാഗ്ലേവ് വേഗത്തിന്‍െറ കാര്യത്തില്‍ വീണ്ടും സ്വന്തം റെക്കോഡ് തിരുത്തി. ചൊവ്വാഴ്ച ഏവരേയും വിസ്മയിപ്പിച്ച് മണിക്കൂറില്‍ 603 കിലോമീറ്റര്‍ എന്ന പുതിയ വേഗമാണ് മാഗ്ലേവ് സ്വന്തമാക്കിയത്.
മൗണ്ട് ഫുജിക്കടുത്ത് നടത്തിയ പരീക്ഷണ ഓട്ടത്തിലാണ് ഈ വേഗത കൈവരിച്ചതെന്ന് സെന്‍ട്രല്‍ ജപ്പാന്‍ റെയില്‍വേ അറിയിച്ചു. 600 കിലോമീറ്ററിനു മുകളില്‍ വേഗത്തില്‍ 11 സെക്കന്‍ഡാണ് ട്രെയിന്‍ ഓടിയത്.  2003ല്‍ സ്ഥാപിച്ച മണിക്കൂറില്‍ 581 കിലോമീറ്റര്‍ എന്ന വേഗ റെക്കോഡ് കഴിഞ്ഞയാഴ്ച 590 കിലോമീറ്റര്‍ എന്നു തിരുത്തി ദിവസങ്ങള്‍ക്കുള്ളിലാണ് വീണ്ടും റെക്കോഡ് തിരുത്തിയത്.

പാളങ്ങളില്‍ സ്പര്‍ശിക്കാതെ പാളങ്ങളില്‍നിന്ന് നാലിഞ്ച് ഉയരത്തില്‍ ഇലക്ട്രിക്കലി ചാര്‍ജാകുന്ന കാന്തിക തരംഗങ്ങളുടെ പിന്‍ബലത്തില്‍ ട്രെയിന്‍ ഓടിക്കുന്നത്. ‘മാഗ്നെറ്റിക് ലെവിറ്റേഷന്‍’ സാങ്കേതിക വിദ്യയാണ് മാഗ്ലേവ് ട്രെയിനുകളില്‍ ഉപയോഗിക്കുന്നത്. ട്രെയിന്‍െറ പാച്ചിലിന് സാക്ഷ്യംവഹിക്കാന്‍ 200ഓളം റെയില്‍വേ ഉദ്യോഗസ്ഥരുമെത്തി. ട്രെയിനിലെ യാത്രക്കാര്‍ക്കും ഉള്ളില്‍ സ്ഥാപിച്ച സ്ക്രീനുകളില്‍ വേഗത കാണാമായിരുന്നു. ഇതോടെ മാഗ്ലേവ് ട്രെയിന്‍ സാങ്കേതികത വിദേശത്ത് വില്‍ക്കാനൊരുങ്ങുന്ന ജപ്പാന് കരുത്തേകുന്നതാണ് പുതിയ റെക്കോഡ്.

2045ഓടെ ടോക്യോയെയും ഒസാകയെും ബന്ധിപ്പിച്ച് ഒരു മണിക്കൂര്‍ എഴു മിനിറ്റുകൊണ്ട് ട്രെയിന്‍ സര്‍വിസ് നടത്താനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 10,000 കോടി ഡോളറിന്‍െറ പദ്ധതിയാണ് ഇതിനായി നടപ്പാക്കുന്നത്. 1962ലാണ് ജപ്പാന്‍ ഈ സാങ്കേതികവിദ്യക്കായി ശ്രമം തുടങ്ങിയത്.ബെയ്ജിങ്-ഷാങ്ഹായ് സര്‍വിസ് നടത്തുന്ന ഹാര്‍മണി സി.ആര്‍.എച്ച് 380 എയാണ് വേഗതയില്‍ രണ്ടാംസ്ഥാനത്ത്-മണിക്കൂറില്‍ 380 കിലോമീറ്റര്‍.