എക്‌സൈസ് മന്ത്രി കോഴ വാങ്ങിയെന്ന ആരോപണവുമായി വീണ്ടും ബിജു രമേശ്

single-img
22 April 2015

bijuതിരുവനന്തപുരം: എക്‌സൈസ് മന്ത്രി കെ. ബാബു കോഴ വാങ്ങിയെന്ന ആരോപണവുമായി വീണ്ടും ബിജു രമേശ്. മന്ത്രി ബാബു കോഴവാങ്ങിയില്ലെന്ന് കള്ളം പറയുകയാണ്. അദ്ദേഹം പണം വാങ്ങിയെന്നത് വ്യക്തമാണ്.  മൂന്ന് പേരാണ് ബാബുവിന് പണം നൽകിയത്. അതിലൊന്ന് ബാബുവിന്റെ വിശ്വസ്തനും ആശ്രിതനുമായ കൃഷ്ണദാസാണ്. തന്റെ വീട്ടിൽ വെച്ചല്ല, ഹോട്ടലിൽ വെച്ചാണ് മന്ത്രി ബാബു പണം വാങ്ങിയതെന്നും ഹോട്ടലിൽ  നിന്ന് ഭക്ഷണം കഴിച്ചെന്നും ബിജു രമേശ് പറഞ്ഞു.

ബാർ പ്രശ്‌നത്തിൽ ധനമന്ത്രി കെ. എം മാണിയെ കാണാൻ തങ്ങളോട് നിർദേശിച്ചത് മുഖ്യമന്ത്രിയാണ്. മാണിക്ക് ഒരു രൂപ പോലും നൽകരുതെന്നും പറഞ്ഞു. ജോസ് കെ. മാണിക്ക് കോടികളോടുള്ള ആർത്തി തീർന്നിട്ടില്ലെന്നും അതിനാലാണ് ഒരു കോടി ആവശ്യപ്പെട്ട് അദ്ദേഹം തനിക്ക് വക്കീൽ നോട്ടീസ് അയച്ചത്.

ബാർ കോഴ കേസിൽ സാക്ഷികളെ സ്വാധീനിക്കാനും കേസ് ഇല്ലാതാക്കാനും പൊലീസിന്റെ ഉന്നത തലത്തിൽ നീക്കമുണ്ട്. ഭരണ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കൂട്ടരും ശക്തമായി ശ്രമിക്കുന്നുമുണ്ട്. ഭീഷണിക്കും കള്ളക്കേസുകൾക്കും മുമ്പിൽ കീഴടങ്ങില്ല.

മൂന്നു വർഷമായി കേരളത്തിൽ നിക്ഷേപമിറക്കാൻ ആരും തയ്യാറാകുന്നില്ല. ഭരണതലത്തിലുള്ളവർക്ക് വൻതുക കോഴ നൽകേണ്ട അവസ്ഥയാണ് ഇതിന് കാരണം. സംസ്ഥാനത്ത് നടമാടുന്ന വൻ അഴിമതികൾക്കെതിരെ വി.എസ്.ഡി.പിയും ശ്രീനാരായണ ധർമ്മവേദിയും ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്നും ബിജു രമേശ് പറഞ്ഞു.