സൂപ്പർ ഓവറിൽ പഞ്ചാബ് രാജസ്ഥാനെ തോൽപ്പിച്ചു

single-img
22 April 2015

panഅഹമ്മദാബാദ്:ഐപിഎല്ലിൽ രാജസ്ഥാനെതിരെ പഞ്ചാബിന് ത്രസിപ്പിക്കുന്ന ജയം. ഇരു ടീമുകളും 191 റണ്‍സെടുത്ത് തുല്യത പാലിച്ച മത്സരത്തിന്റെ വിധി തീരുമാനിച്ചത് സൂപ്പര്‍ ഓവറാണ്.  സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 16 റണ്‍ വിജയലക്ഷ്യത്തിനെതിരെ രാജസ്ഥാന് മൂന്ന് പന്തില്‍ ആറ് റണ്‍സിന് രണ്ട് വിക്കറ്റും നഷ്ടമാവുകയായിരുന്നു. തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ ജയിച്ച രാജസ്ഥാന്റെ ഈ സീസണിലെ ആദ്യ പരാജയമാണിത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ ഓപ്പണര്‍മാരായ അജിങ്ക്യ രഹാനെയുടെയും (54 പന്തില്‍ 74) ഷെയ്ന്‍ വാട്‌സന്റെയും (35 പന്തില്‍ 45) മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു.  9 പന്തില്‍ 19 റണ്‍സെടുത്ത ദീപക് ഹൂഡ, 13 പന്തില്‍ 25 റണ്‍സെടുത്ത കരുണ്‍ നായര്‍, നാല് പന്തില്‍ 12* റണ്‍സെടുത്ത സ്റ്റുവര്‍ട്ട് ബിന്നി എന്നിവരും രാജസ്ഥാനായി മികച്ച പ്രകടനം നടത്തി.

വമ്പന്‍ വിജയലക്ഷ്യം തേടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരായ സെവാഗിനെയും (1) മാക്‌സ്‌വെല്ലിനെയും (1) തുടക്കത്തിലേ നഷ്ടമായി. അര്‍ധസെഞ്ച്വറികള്‍ നേടിയ ഷോണ്‍ മാര്‍ഷും (40 പന്തില്‍ 65) ഡേവിഡ് മില്ലറുമാണ് (30 പന്തില്‍ 54) പഞ്ചാബിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. നാലാം വിക്കറ്റില്‍ ഇവര്‍ 58 റണ്‍സെടുത്തു.

വൃദ്ധിമാന്‍ സാഹയും (8 പന്തില്‍ 19) അക്‌സര്‍ പട്ടേലും (7 പന്തില്‍ 12) മിച്ചല്‍ ജോണ്‍സണും (7 പന്തില്‍ 13) ചേര്‍ന്ന് പഞ്ചാബിനെ രാജസ്ഥാന്‍ സ്‌കോറിനൊപ്പം എത്തിക്കുകയായിരുന്നു. അവസാന പന്തില്‍ അക്‌സര്‍ പട്ടേലിന്റെ ബൗണ്ടറിയിലൂടെയാണ് പഞ്ചാബ് സമനില പിടിച്ചത്.

ക്രിസ് മോറിസ് എറിഞ്ഞ സൂപ്പര്‍ ഓവറിലെ ആദ്യ പന്തില്‍ തന്നെ മില്ലറിനെ നഷ്ടമായ ശേഷം മൂന്ന ബൗണ്ടറികളുള്‍പ്പെടെ 13 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷാണ് പഞ്ചാബിന് 15 റണ്‍സ് സമ്മാനിച്ചത്. മാക്‌സ്‌വെല്‍ ഒരു റണ്ണുമായി മാര്‍ഷിനൊപ്പം പുറത്താകാതെ നിന്നു.

പഞ്ചാബിന് സമാനമായ തുടക്കമാണ് രാജസ്ഥാനും സൂപ്പര്‍ ഓവറില്‍ ലഭിച്ചത്. മിച്ചല്‍ ജോണ്‍സന്റെ ആദ്യ പന്തില്‍ തന്നെ വാട്‌സണ്‍ പുറത്ത്. നോബോളായി അരയ്ക്കു മുകളില്‍ വന്ന അടുത്ത പന്ത് സ്റ്റീവന്‍ സ്മിത്ത് ബൗണ്ടറി നേടിയതോടെ കളി വീണ്ടും കടുത്തു. തൊട്ടടുത്ത പന്തില്‍ ഒരു റണ്‍സ്. എന്നാല്‍ ബാറ്റില്‍ കൊള്ളാതെ പോയ മൂന്നാം പന്തില്‍ ഇല്ലാത്ത റണ്ണിനോടിയ ഫോക്‌നറെ കീപ്പര്‍ സാഹ നേരിട്ടുള്ള ത്രോയിലൂടെ പുറത്താക്കിയതോടെ ആവേശം വിതറിയ മത്സരത്തിന്റെ ഫലം പഞ്ചാബിനനുകൂലമായി. ഷോണ്‍ മാര്‍ഷാണ് കളിയിലെ താരം.