യെച്ചൂരിയെ സാമ്നയിലൂടെ പരിഹസിച്ച് ശിവസേന

single-img
22 April 2015

12-1428838338-shiv-sena-logoമുംബൈ: സിപിഎം ജനറല്‍ സെക്രട്ടറി യെച്ചൂരിയെ സാമ്നയിലൂടെ പരിഹസിച്ച് ശിവസേന. മുങ്ങുന്ന കപ്പലിന്‍റെ കപ്പിത്താനാണു യെച്ചൂരിയെന്നു മുഖപത്രത്തിലൂടെ ശിവസേന അഭിപ്രായപ്പെട്ടു. വളരെ കഴിവുള്ള വ്യക്തിയാണു യെച്ചൂരി. എന്നാല്‍ ഇല്ലാത്ത പാര്‍ട്ടിയെ നയിക്കുകയാണ് അദ്ദേഹത്തിന്‍റെ ചുമതല. സിപിഎമ്മിനെ എങ്ങനെ ദേശീയപാര്‍ട്ടിയെന്നു വിളിക്കാന്‍ സാധിക്കുമെന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.

ഇടതുപാര്‍ട്ടികള്‍ക്ക് പ്രാധാന്യം നഷ്ടപ്പെട്ടുവെന്നും രാജ്യത്ത് ശക്തമായ പ്രതിപക്ഷമാകാന്‍ ഇടതുപാര്‍ട്ടികള്‍ക്ക് ഇനി സാധിക്കില്ല. അമ്പതോളം എംപിമാരെ ലോക്സഭയില്‍ എത്തിച്ച പാര്‍ട്ടിക്ക് ഇപ്പോള്‍ പത്തില്‍ താഴെ അംഗങ്ങളാണുള്ളത്. ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പ്രകാശ് കാരാട്ട് പരാജയമായിരുന്നു. മൂന്നു പതിറ്റാണ്ട് പശ്ചിമബംഗാളില്‍ ഭരണം നടത്തിയിരുന്ന സിപിഎമ്മിന് ഇനി ഒരു തിരിച്ചുവരവ് അസാധ്യമാണ്.

മമതയ്ക്കു മുന്നില്‍ സിപിഎം തകര്‍ന്നടിഞ്ഞുവെന്നു മുഖപ്രസംഗത്തില്‍ പരിഹസിക്കുന്നു. ബംഗാളില്‍ പാര്‍ട്ടിയുടെ ശക്തി പൂര്‍ണമായും ഇല്ലാതായി. ബിഹാര്‍, ത്രിപുര, കേരളം എന്നിവിടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. ഇതും വൈകാതെ ഇല്ലാതാകുമെന്നും ശിവസേന പറഞ്ഞു.