യെമനിലെ വിമതര്‍ക്കെതിരേ നടത്തിവന്ന വ്യോമാക്രമണം സൗദി അറേബ്യ അവസാനിപ്പിച്ചു

single-img
22 April 2015

yemenറിയാദ്: യെമനിലെ  വിമതര്‍ക്കെതിരേ നാലാഴ്ചയായി നടത്തിവന്ന വ്യോമാക്രമണം അവസാനിപ്പിച്ചതായി സൗദി അറേബ്യ അറിയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.സൗദിക്കും അയല്‍രാജ്യങ്ങള്‍ക്കുമുള്ള ഭീഷണി ഇല്ലാതാക്കിയെന്ന് സൗദിസേനയുടെ വക്താവ് പത്രസമ്മേളനത്തില്‍ പറഞ്ഞു. വിമതരുടെ കൈവശമുണ്ടായിരുന്ന മിസൈലുകള്‍ നശിപ്പിക്കാന്‍ കഴിഞ്ഞു. വ്യോമാക്രമണം നിര്‍ത്തിയാലും യെമനിലേക്കുള്ള നാവികോപരോധവും വിമതനീക്കങ്ങള്‍ക്കെതിരെയുള്ള ജാഗ്രതയും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

യെമനില്‍ രാഷ്ട്രീയപരിഹാരത്തിനുള്ള ശ്രമമാണ് ഇനി ഉണ്ടാവുകയെന്നും ഭീകരതയെ ചെറുക്കാനും രാഷ്ട്രനിര്‍മ്മാണത്തിനും യെമന്‍ ഭരണകൂടത്തെ സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു. യെമെൻ സർക്കാരിനെ അട്ടിമറിക്കാൻ ഹൂതികൾ ശ്രമം നടത്തിയതിനെ തുടര്‍ന്നാണ് മാര്‍ച്ച് ഒടുവിൽ  സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ വ്യോമാക്രമണം തുടങ്ങിയത്

ഈജിപ്ത്, മൊറോക്കോ, ജോര്‍ദാന്‍, സുഡാന്‍, കുവൈത്ത്, യു.എ.ഇ., ഖത്തര്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളുടെ യുദ്ധവിമാനങ്ങളും വ്യോമാക്രമണത്തില്‍ പങ്കെടുത്തിരുന്നു. വ്യോമാക്രമണവും ആഭ്യന്തരയുദ്ധവും രൂക്ഷമായതോടെ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ യെമനില്‍നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുകയായിരുന്നു.