ഡെല്‍ഹി പോലീസ് ശ്രീശാന്തിനും കൂട്ടര്‍ക്കുമെതിരെ ഹാജരാക്കിയ ഫോണ്‍ സംഭാഷണങ്ങളില്‍ ഒത്തുകളി നടന്നതായി തെളിവില്ലെന്ന് കോടതി

single-img
21 April 2015

India v Australia - 2011 ICC World Cup Warm Up Game

ഐപിഎല്‍ ഒത്തുകളി കേസില്‍ ഇപ്പോള്‍ ഡെല്‍ഹി പോലീസ് ഒത്തുകളിക്കുന്നതായി സംശയമുണ്ടെന്ന് കോടതി. കേസില്‍ പൊലീസ് ഹാജരാക്കിയ ഫോണ്‍ സംഭാഷണങ്ങളില്‍ പ്രതികള്‍ ഒത്തുകളിച്ചു എന്നത് സ്ഥാപിക്കാന്‍ ആവശ്യമായ എന്ത് തെളിവാണുള്ളതെന്നും കോടതി ചോദിച്ചു.

പൊലീസ് ഹാജരാക്കിയ ടെലഫോണ്‍ സംഭാഷണങ്ങളില്‍ പ്രതികള്‍ ഒത്തുകളിച്ചുവെന്ന് സ്ഥാപിക്കാനാവശ്യമായ തെളിവുകളില്ലെന്നും ബെറ്റിങ്ങിനെ കുറിച്ചാണ് അതില്‍ പറയുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് മലയാളിതാരം ശ്രീശാന്ത് അടക്കമുള്ളവര്‍ പ്രതിയായ കേസില്‍ ഡല്‍ഹി പൊലീസിന്റെ വാദങ്ങളെ കോടതി പൂര്‍ണമായും തള്ളിയത്.ബെറ്റിങ് ഒരു അപരാധമാണോ എന്നും പബ്ലിക് പ്രോസിക്യൂട്ടറോട് ഡല്‍ഹിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് നീനാ ബന്‍സല്‍ കൃഷ്ണ ചോദിച്ചു.

വാതുവെപ്പ് അപരാധമല്ലെങ്കിലും നിയമവിരുദ്ധമാണെന്ന് പ്രോസിക്യൂട്ടര്‍ രാജീവ് മോഹന്‍ പറഞ്ഞതിന് മറുപടിയായി ക്രിമിനല്‍ നിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് ബെറ്റിങ് നിയമ വിരുദ്ധമാകുന്നതെന്നായി കോടതി. വാതുവയ്പ് ക്രിമിനല്‍ കുറ്റമല്ലെന്നും സിവില്‍ നിയമ പ്രകാരം മാത്രമാണ് നിയമവിരുദ്ധമാകുന്നതെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കുകയായിരുന്നു.

പ്രതികള്‍ വാതുവെപ്പ് മാത്രമല്ല ഒത്തുകളിയും നടത്തിയിട്ടുണ്ടെന്നും ഫോണ്‍ സംഭാഷണങ്ങള്‍ പ്രതികള്‍ക്ക് അധോലോകവുമായുള്ള ബന്ധം വെളിവാക്കുന്നതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ ഇതിന് എന്ത് തെളിവാണുള്ളതെന്ന് കോടതി ചോദിച്ചു. തുടര്‍ന്ന് കേസ് അടുത്ത മാസം എട്ടിലേക്ക് മാറ്റിവെച്ചു.