എമിറേറ്റ്സ് ഐഡിയുടെ വെബ്‌സൈറ്റില്‍ യു.എ.ഇ മലയാള ഭാഷയും ഉള്‍പ്പെടുത്തി

single-img
21 April 2015

Emiratesഇംഗ്ലീഷിനും അറബിക്കും പുറമെ യു.എ.ഇയിലെ സര്‍ക്കാര്‍ വെബ്‌സൈറ്റായ എമിറേറ്റ്‌സ് ഐഡിയില്‍ മൂന്നാമതൊരു ഭാഷ കൂടി ഉള്‍പ്പെടുത്താന്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പ് നടത്തിയതില്‍ ഉര്‍ദ്ദു വിജയിച്ചുവെങ്കിലും മലയാളത്തെ മറന്ന് ഒരു മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. എമിറേറ്റ്‌സ് ഐഡി വെബ്‌സൈറ്റില്‍ മലയാളം ഉള്‍പ്പെടെ ഉറുദു, തഗലോഗ്, റഷ്യന്‍, മാന്‍ഡറിന്‍ എന്നീ വിദേശ ഭാഷകളും ഉള്‍പ്പെടുത്താന്‍ എമിറേറ്റ് ഐഡന്റിറ്റി അതോറിറ്റി തീരുമാനിച്ചു.

ഇന്ത്യയിലെ മറ്റെല്ലാ ഭാഷകളെയും മറികടന്ന് ഗള്‍ഫ് മേഖലയിലെ ഒരു സര്‍ക്കാര്‍ വെബ് സൈറ്റില്‍ മലയാളം ഇടം നേടുന്നത് ഇതാദ്യമായാണ്. സൈറ്റില്‍ നടത്തിയ ഓണ്‍ലൈന്‍ വോട്ടിങിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് ഭാഷകളും ഉള്‍ക്കൊള്ളിച്ചതെന്നും യുഎഇയില്‍ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള വിദേശികള്‍ക്ക് എമിറേറ്റ് ഐഡിയുടെ സേവനങ്ങള്‍ സുഗമമാക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും എമിറേറ്റ്‌സ് ഐഡി ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ മാമറി അറിയിച്ചു.

മലയാളം കൂടി ഉള്‍പ്പെടുത്തിയതിന്റെ ഫലമായി ജനസംഖ്യാ രജിസ്റ്റര്‍, ഇന്‍ഷൂറന്‍സ്, ഐഡി കാര്‍ഡ് പുതുക്കല്‍, മറ്റു സേവനങ്ങള്‍ക്കാവശ്യമായ രേഖകളെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ മലയാളികളായ തൊഴിലാളികള്‍ക്ക് അവരുടെ ഭാഷയില്‍ തന്നെ മനസ്സിലാക്കാന്‍ നടപടി ഉപകാരപ്പെടും. മലയാളം എമിറേറ്റ്‌സ് ഐഡിയില്‍ ഉള്‍പ്പെടുത്താനായി പ്രവാസികളുടെ നേതൃത്വത്തില്‍ ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ പ്രചരണമാണ് നടന്നിരുന്നത്.