ഇത്തവണ കലഹം ജനശ്രീമൂലം, വെഞ്ഞാറമൂട് ഓഫീസ് റെയ്ഡിന് പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളി

single-img
21 April 2015

janasree610ബാര്‍ കോഴയ്ക്കും സോളാര്‍ കേസിനും പിന്നാലെ ഗ്രൂപ്പ് കളിയെ തുടര്‍ന്ന് സംസ്ഥാനത്ത് കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങിമറിയുന്നു. സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ ജനശ്രീയുടെ വെഞ്ഞാറമൂട് ഓഫിസില്‍ പൊലീസ് റെയ്ഡ് നടത്തിയതിന് പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയാണെന്ന് വ്യക്തമായിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മിലുള്ള ശീതസമരത്തെ തുടര്‍ന്നാണ് ഇന്നലെ വെഞ്ഞാറമൂടിലെ ഓഫീസില്‍ റെയ്ഡ് നടന്നതെന്നാണ് പൊലീസുകാരില്‍ നിന്നു തന്നെ ലഭിക്കുന്ന സൂചന. എ ഗ്രൂപ്പുകാരനായ ഹസനെ തൊടുന്നതിലൂടെ ഉമ്മന്‍ ചാണ്ടിയെ തന്നെയാണ് ചെന്നിത്തല ലക്ഷ്യമിടുന്നത്. ജനശ്രീ ആരംഭിച്ച കാലം മുതലേ എ ഗ്രൂപ്പുകാരനായ എം.എം ഹസനായിരുന്നു ചുമതല. ഇതിന് അറുതി വരുത്തുക എന്നതും ഐ വിഭാഗം ലക്ഷ്യം വയ്ക്കുന്നുണ്ട്.

തുടക്കം മുതലേ ജനശ്രീയുടെ പേരില്‍ തട്ടിപ്പിന് കളമൊരുങ്ങിയിട്ടുണ്ടെന്നും ഇതില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന നിലപാടാണ് ആഭ്യന്തരവകുപ്പിനുള്ളത്. ഇന്നലെ വാമനപുരം ബ്ലോക്ക് ജനശ്രീയുടെ കീഴില്‍ ആറ്റിങ്ങല്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന നെല്ലനാട് മണ്ഡലം സഭയുടെ ഓഫിസില്‍ ഉച്ചക്ക് രണ്ടോടെയാണ് അഡീഷനല്‍ എസ്.ഐ മധുസൂദനന്‍, സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്. മുദ്രപ്പത്രങ്ങള്‍, തിരിച്ചറിയല്‍ കാര്‍ഡുകളുടെ പകര്‍പ്പ് തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. ജനശ്രീ സുസ്ഥിര മിഷനു കീഴിലെ സംഘങ്ങള്‍ക്ക് വെഞ്ഞാറമൂട്ടിലെ ഒരു ദേശസാത്കൃത ബാങ്ക് ശാഖയില്‍നിന്ന് വായ്പയെടുത്തതില്‍ തട്ടിപ്പുണ്ടെന്ന പരാതിയെ തുടര്‍ന്നായിരുന്നു റെയ്ഡ്. സംഘം ആവശ്യപ്പെടുന്നതിനെക്കാള്‍ തുക എടുത്തും തിരിച്ചടവിനുവേണ്ടി അംഗങ്ങള്‍ നല്‍കുന്ന പണം ബാങ്കില്‍ അടക്കാതെ വെട്ടിപ്പ് നടത്തി.

പണം അടച്ചതായി വരുത്താന്‍ വ്യാജസീല്‍ ഉപയോഗിച്ച് അംഗങ്ങളുടെ പാസ്ബുക്കില്‍ വരവുവെച്ചു. തിരിച്ചടവ് മുടങ്ങിയപ്പോള്‍ അംഗങ്ങള്‍ക്ക് ജപ്തി നോട്ടീസ് ലഭിച്ചു. തുടര്‍ന്ന് ജനശ്രീയുടെ ചുമതലക്കാരോട് തിരക്കിയപ്പോള്‍ കൃത്യമായ മറുപടി കിട്ടിയില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി 49 സ്ത്രീകള്‍ നല്‍കിയ പരാതിയിലായിരുന്നു റെയ്ഡ്. ഓഫിസ് പൂട്ടി നടത്തിപ്പുകാര്‍ മുങ്ങിയതിനാല്‍ ഷട്ടര്‍ പൂട്ട് അറുത്തുമാറ്റിയാണ് പൊലീസ് അകത്തുകടന്നത്.