മൂല്യ നിര്‍ണയം ഉദാരമാക്കിയും, ഗ്രേസ് മാര്‍ക്കുകള്‍ നല്‍കിയും വിജയശതമാനം ഉയര്‍ത്തുന്നത് നമ്മുടെ കുട്ടികളെ യോഗ്യതയില്ലാത്തവരാക്കുകയാണ് ചെയ്യുന്നതെന്ന് ഹൈബി ഈഡന്‍

single-img
21 April 2015

Hibiഎറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ എസ്എസ്എല്‍സി വിജയശതമാനത്തെ വിമര്‍ശിച്ച് രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കൂടിയാണ് എഎസ്.എസ്.എല്‍്‌സി വിജയശതമാനത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം ഹൈബി പങ്കുവെച്ചിരിക്കുന്നത്.

വിജയിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും ആശംസ അര്‍പ്പിച്ചു തുടങ്ങുന്ന പോസ്റ്റ് സര്‍ക്കാരിന്റെ മാര്‍ക്ക് ദാനത്തെ രൂക്ഷമായി വിമര്‍ശിക്കുന്നു. മൂല്യ നിര്‍ണയം ഉദാരമാക്കിയും ഗ്രേസ് മാര്‍ക്കുകള്‍ നല്‍കിയും വിജയ ശതമാനം കൈവരിക്കുന്നതു വിദ്യാര്‍ഥികളോടു കാണിക്കുന്ന കൊടുംചതിയാണെന്നും ഹൈബി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഹൈബിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ വിജയം നേടിയ എല്ലാ വിദ്യാര്‍ഥികളെയും ഞാന്‍ അനുമോദിക്കുന്നു. എന്നാല്‍ നമ്മുടെ ഈ വലിയ വിജയത്തില്‍ എനിക്ക് തെല്ലും ആഹ്ലാദം തോന്നുന്നില്ല.

വിജയശതമാനം ഉയര്‍ത്തുന്നതു ഒരു സര്‍ക്കാരിന്റെ അജണ്ടയാവുന്നത് ഒരിക്കലും ശരിയല്ല. കഴിഞ്ഞ സര്‍ക്കാരില്‍ എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോഴാണ് എസ്എസ്എല്‍സി. വിജയശതമാനത്തില്‍ ഏകദേശം 25 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടാവുന്നത്. മൂല്യ നിര്‍ണയം ഉദാരമാക്കിയും, ഗ്രേസ് മാര്‍ക്കുകള്‍ നല്‍കിയുമാണു നമ്മള്‍ ഇത് കൈവരിക്കുന്നത്.

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം അവഗണിച്ചു കൊണ്ട് നടത്തുന്ന ഈ പരീക്ഷാ നാടകം അന്താരാഷ്ട്ര തലത്തിലും മറ്റു സിലബസുകളില്‍ പഠിച്ചു വരുന്ന കുട്ടികള്‍ക്കിടയിലും മത്സരിക്കാന്‍ നമ്മുടെ കുട്ടികളെ യോഗ്യതയില്ലാത്തവരാക്കുകയാണ് ചെയ്യുന്നത്. ഒരു ചോദ്യത്തിന് ഉത്തരം ശരിയായില്ലെങ്കില്‍ പോലും പകുതി മാര്‍ക്ക് കൊടുക്കുന്ന മാതൃക നല്ലതല്ല. ഇന്ത്യക്ക് മാതൃകയായിരുന്ന കേരള മോഡലിനെ തകര്‍ക്കുന്ന സമീപനമാണ് ഇത്. സര്‍ക്കാരിന്റെ ഉത്തരവാദിത്വം വിദ്യാര്‍ഥികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള പഠന സൗകര്യങ്ങള്‍ ഒരുക്കുകയും കാലാനുസൃതമായി സിലബസുകള്‍ പരിഷ്‌കരിച്ച് ആഗോളതലത്തില്‍ തന്നെ മത്സരിപ്പിക്കാന്‍ പ്രാപ്തരാക്കുകയുമാണ്. ഈ ചുമതല സര്‍ക്കാര്‍ നിര്‍വഹിച്ചാല്‍ വിജയശതമാനം ക്രമേണ ഉയര്‍ന്നു വരിക തന്നെ ചെയ്യും. ക്വാണ്ടിറ്റേറ്റീവ് റിസള്‍ട്ട് അല്ല ക്വാളിറ്റി റിസള്‍ട്ട് ആണ് നമുക്ക് ആവശ്യം. കുറുക്കുവഴിയിലൂടെ ഈ നേട്ടം കൈ വരിക്കുന്നത് നാം നമ്മെ തന്നെ വഞ്ചിക്കുന്നതിനു തുല്യമാണ്. നാളത്തെ തലമുറയോട് ചെയ്യുന്ന കൊടും ചതിയും.