അക്ഷയതൃതിയ ദിനത്തില്‍ സ്വര്‍ണ്ണം വാങ്ങിയാല്‍ തീര്‍ച്ചയായും ഐശ്വര്യമുണ്ടാകുക തന്നെ ചെയ്യും;സ്വര്‍ണ്ണം വാങ്ങിയ ജ്വല്ലറിക്കാര്‍ക്കും, സ്വര്‍ണ്ണം വാങ്ങാന്‍ പണം കൊടുത്ത പലിശക്കാരനും

single-img
20 April 2015

1335180371

ലോകത്തെ ഏറ്റവും ബൗദ്ധികരായ ജനങ്ങള്‍ അധിവസിക്കുന്ന ചിലസ്ഥലങ്ങളില്‍ ഒന്നാണ് കേരളം. സാമൂഹികപരമായോ രാഷ്ട്രീയപരമായോ കേരളത്തിലെ ജനങ്ങളെ തട്ടിപ്പിന് ഇരയാക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള കാര്യവുമാണ്. കാരണം വിദ്യാഭ്യാസപരമായി ഉന്നതിയല്‍ നിലക്കുമ്പോഴും അവര്‍ ‘സാമാന്യ വിവരം’ കൈവിടാതെ സൂക്ഷിക്കുന്നുവെന്നുള്ളതാണ്. മറ്റു സംസ്ഥാനാക്കാര്‍ വിദ്യഭ്യാസപരമായി എത്ര മുന്നോക്കമായിരുന്നാലും അവരില്‍ നിറയുന്ന അറിവ് തുലോം തുച്ഛമായിരിക്കും. അല്ലെങ്കില്‍ സാമുഹികമാറ്റത്തിനനുസരിച്ച് അവര്‍ അവരുടെ ചിന്തകളെ വളര്‍ത്തുന്നില്ല. ഫലം ഇപ്പോഴും ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യപര്‍വ്വത്തില്‍ മാത്രം കഴിച്ചുകൂട്ടുവാന്‍ അവര്‍ വിധിക്കപ്പെടുന്നു.

ഇത്രയും ബൗദ്ധികപരമായും മറ്റും പുരോഗനമുണ്ടെങ്കിലും മലയാളികള്‍ ഒരുകാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നുണ്ട്. അത് (അന്ധ)വിശ്വാസത്തെ മുറുകെ പിടിക്കലാണ്. ലോകത്തെവിടെയുമുള്ള ഏതു സാധനവും മലയാളികളുടെ ഇടയില്‍ വിറ്റഴിയും. അതിനായി ആ വില്‍ക്കേണ്ട വസ്തുവില്‍ വിശ്വാസത്തെ കുറച്ച് അന്ധത പൂശി വിളക്കിചേര്‍ക്കണമെന്നു മാത്രം. അതുതന്നെയാണ് ഈ ബൗദ്ധിക ഉന്നത കേരളത്തില്‍ ഇപ്പോള്‍ നടന്നുവന്നുകൊണ്ടിരിക്കുന്നതും.

കേവലം ഒരു പതിറ്റാണ്ടു മുമ്പ് ഏതോഒരു മാര്‍ക്കറ്റിംഗ് വിദഗ്ദന്റെ തലയില്‍ വിരിഞ്ഞ ബുദ്ധി മലയാളികളെ എങ്ങനെ ബാധിച്ചുവെന്നത് ഈ അക്ഷയതൃതിയ എന്ന സ്വര്‍ണ്ണ മഹോത്സവ ദിവസങ്ങളില്‍ സ്വര്‍ണ്ണക്കടകളിലെ തിരക്കു നോക്കിയാല്‍ മതി. തിരക്ക് കണക്കിലെടുത്തും കേരളീയര്‍ക്ക് മൊത്തത്തില്‍ ലഭിക്കുന്ന പുണ്യം ഒരു കാരണവശാലും നഷ്ടപ്പെടരുത് എന്ന സ്വര്‍ണ്ണക്കടക്കാരുടെ പിടിവാശിക്കു മുന്നിലും ഈ വര്‍ഷം മുതല്‍ ‘അക്ഷയതൃതിയ ദിന’മല്ല, ദിനങ്ങളാണ്. അതായത് അക്ഷയതൃതിയ രണ്ടു ദിവസമാക്കി കൂട്ടിയിരിക്കുന്നു. ഇത് വരും വര്‍ഷങ്ങളില്‍ ദിവസം മുന്നും, നാലും അക്ഷയതൃതിയ വാരവും മാസവുമൊക്കെയാകം.

എന്താണ് അക്ഷയതൃതിയ? അക്ഷയ എന്നാല്‍ ഒരിക്കലും ക്ഷയിക്കാത്തത് എന്നര്‍ത്ഥം. വൈശാഖ മാസത്തിലെ കറുത്ത വാവിന് ശേഷമുള്ള മൂന്നാമത്തെ ദിവസമാണ് അക്ഷയ തൃതീയ ആയി ആഘോഷിക്കാരുള്ളത്. കൃഷ്ണന്‍ കുചേലനില്‍ നിന്നും അവില്‍പൊതി വാങ്ങി സമ്പത്തും ഐശ്വര്യവും തിരികെ നല്‍കിയ ദിവസമാനിതെന്നും മറ്റു ചിലയിടങ്ങളില്‍ ത്രേതായുഗം തുടങ്ങിയ ദിവസമാണെന്നും പറയപ്പെടുന്നു. ഇനിയൊരുകൂട്ടര്‍ പരശുരാമന്റെ ജന്മദിനമാണ് ഈ ദിനമെന്നും പറയുന്നുണ്ട്. ഒരു ആചാരമെന്ന നിലയില്‍ കേരളത്തിലെ ചില നമ്പൂതിരി ഗൃഹങ്ങളില്‍ ആ ദിവസം വിധവകളായ അന്തര്‍ജനങ്ങള്‍ പണം, കുട, വടി, ചെരുപ്പ്, വിശറി തുടങ്ങിയവ ദാനം ചെയ്തിരുന്നു. അക്ഷയ തൃതീയ ദിനത്തിലെ ദാനം എല്ലാ പാപങ്ങളില്‍ നിന്നും മോചനം നല്‍കുമെന്നായിരുന്നു വിശ്വാസം. മത്സ്യ പുരാണ പ്രകാരം അന്ന് ചെയ്യുന്ന സ്‌നാനം, ദാനം, ജപം, ഹോമം, പിതൃതര്‍പണം എന്നീ കര്‍മങ്ങള്‍ അക്ഷയ ഫലപ്രദമാണ്.

എന്നാല്‍ എന്താണ് ഇന്നത്തെ അക്ഷയതൃതിയ? കയ്യിലിരിക്കുന്ന പണം, കൈയിലില്ലെങ്കില്‍ കൊള്ളപ്പലിശക്ക് വാങ്ങി ജ്വല്ലറിയില്‍ കൊണ്ടുചെന്ന് കൊടുത്ത് പകരം സ്വര്‍ണ്ണം വാങ്ങി വിട്ടീല്‍ കൊണ്ടു വയ്ക്കുന്നു. ഇതുമൂലം ഐശ്വര്യം കുമിഞ്ഞു കൂടുന്നു. ആര്‍ക്ക്? സ്വര്‍ണ്ണം വാങ്ങിയ ജ്വല്ലറിക്കാര്‍ക്കും, സ്വര്‍ണ്ണം വാങ്ങാന്‍ പണം കൊടുത്ത പലിശക്കാരനും. ദാനം കൊടുത്താല്‍ പുണ്യമിരട്ടിക്കുമെന്നു പറയുന്ന അക്ഷയതൃതിയ വിശ്വാസത്തിനധിഷ്ഠിതമായി പണം ദാനമായി കൊടുത്ത് പുണ്യം സ്വര്‍ണ്ണമായി വാങ്ങുന്ന (അന്ധ)വിശ്വാസികളാണ് നമ്മളെന്നുള്ളത് സ്വര്‍ണ്ണക്കടക്കാരെ കുറച്ചൊന്നുമല്ല ആനന്ദിപ്പിക്കുന്നത്.

മലയാളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ അക്ഷയ തൃതീയയുടെ മഹത്വത്തെ കുറിച്ചും അന്ന് സ്വര്‍ണം വാങ്ങിയാലുണ്ടാകുവാന്‍ പോകുന്ന നേട്ടങ്ങളെ കുറിച്ചും ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച് ഈ അസംബന്ധ പ്രചാരണത്തില്‍ തങ്ങളുടേതായ പങ്ക് വഹിക്കുന്നുവെന്നതാണ് മറ്റൊരു കാര്യം. അന്നദാതാവിനെ ശരിയായ വിധത്തില്‍ പരിപാലിച്ച് പിന്തുണകൊടുക്കുക എന്നുള്ളത് മാത്രമേ ഇക്കാര്യത്തില്‍ പത്രങ്ങള്‍ക്കുള്ളു എന്നുകരുതാം.

അക്ഷയതൃതിയ ദിനത്തില്‍ സ്വര്‍ണ്ണവും വജ്രവും വാങ്ങണമെന്ന് ഏത് പുരാണത്തില്‍ ആര് ആരോടാണ് പറഞ്ഞതെന്നൊന്നും വിശ്വാസികളോടൊ ജ്വല്ലറിക്കാരോടൊ ചോദിക്കരുത്. അങ്ങനെയൊരു പ്രസ്താവനയോ സൂചനയോ ഈ പറയുന്ന പുരാണങ്ങളിലോ ഇതിഹാസങ്ങളിലോ ഉണ്ടെങ്കില്‍പോലും ഒരു പത്തുവര്‍ഷം മുമ്പ് ഏതോ ഒരു ബുദ്ധിമാന്‍ അക്ഷയതൃതിയ ബിസിനസ്സിനെപ്പറ്റി പറയുംവരെ ഇക്കാര്യങ്ങള്‍ ഇവരാറും അറിഞ്ഞിരുന്നില്ല എന്നോര്‍ക്കുമ്പോഴാണ് ഈ കോപ്രായങ്ങള്‍ക്ക് പിറകേ പായുന്ന ജനങ്ങളോട് സത്യത്തില്‍ സഹതാപം തോന്നുന്നത്. ശാസ്ത്രവും ടെക്‌നോളജിയും ഉച്ഛസ്ഥായിയില്‍ എത്തിനില്‍ക്കുന്ന ഈ സമയത്തുപോലും ബൗദ്ധികരെന്ന് നടിക്കുന്ന മലയാളികളെ മനോഹരമായി പറ്റിച്ച സ്വര്‍ണ്ണക്കടക്കാരോട് അതിയായ ബഹുമാനവും തോന്നുന്നു.

അതുകൊണ്ട് അക്ഷയതൃതിയ ദിനത്തില്‍ സ്വര്‍ണ്ണം വാങ്ങിയാല്‍ തീര്‍ച്ചയായും ഐശ്വര്യമുണ്ടാകുക തന്നെ ചെയ്യും- മുകളില്‍ പറഞ്ഞ സ്വര്‍ണ്ണക്കടക്കാരനും സ്വര്‍ണ്ണമെടുക്കാന്‍ പലിശയ്ക്ക് പണം കൊടുക്കുന്നവര്‍ക്കും മാത്രം.