ഇനി വരാനിരിക്കുന്നത് ആശങ്കയുടെ വേലിയേറ്റം, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഒരടി വര്‍ധിച്ചു.

single-img
20 April 2015

Mullaperiyar-Dam1[1]ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ ഒരടിയുടെ വര്‍ധന.ഏതാനും ദിവസങ്ങളായി പെയ്യുന്ന വേനല്‍ മഴയെ തുടര്‍ന്നാണ് വെള്ളം ഉയര്‍ന്നത്. കഴിഞ്ഞ 15ന് മഴ ആരംഭിക്കമ്പോള്‍ അണക്കെട്ടില്‍ 111.20 അടി വെള്ളമാണ് ഉണ്ടായിരുന്നത്. ഞായറാഴ്ചയിത് 112.20 അടിയായി ഉയര്‍ന്നു. അഞ്ച് ദിവസത്തിനിടെ ഒരടി വെള്ളത്തിന്റെ വര്‍ധനവാണുള്ളത്. അണക്കെട്ടില്‍ നിന്നും തമിഴ്‌നാട് കൊണ്ടപോകുന്ന വെള്ളത്തിന്റെ കണക്ക് കൂടി പരിഗണിച്ചാല്‍ ജലനിരപ്പ് ഇതിലും കൂടും. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 522 ഘനയടി വെള്ളം ഒഴുകിയെത്തുന്നുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളായ കുമളി ടൗണ്‍ മേഖലയോടൊപ്പം അണക്കെട്ട്, തേക്കടി വനമേഖല എന്നിവിടങ്ങളിലും മഴ പെയ്യുന്നുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും തമിഴ്‌നാട് സെക്കന്‍ഡില്‍ 150 ഘനയടി വെള്ളം മാത്രമാണ് കൊണ്ടുപോകുന്നത്. മുല്ലപ്പെരിയാര്‍ വെള്ളം ശേഖരിക്കുന്ന തമിഴ്‌നാടിന്റെ വൈഗ അണക്കെട്ടിലെ ജലനിരപ്പിലും നേരിയ വര്‍ധനയുണ്ട്. നിലവില്‍ 37.75 ഘനയടി വെള്ളം ഉണ്ട്. കമ്പം, കൂഡല്ലൂര്‍, ലോവര്‍ക്യാമ്പ് എന്നിവിടങ്ങളിലും മഴ പെയ്യുന്നതിനാല്‍ വൈഗയിലേക്ക് കൂടുതല്‍ വെള്ളം ഒഴുകിയെത്തുന്നുണ്ട്. 313 ഘനയടി വെള്ളമാണ് വൈഗയിലേക്ക് ഒഴുകിയെത്തുന്നത്. വൈഗ അണക്കെട്ടില്‍ നിന്നും സെക്കന്‍ഡില്‍ 40 ഘനയടി വീതം വെള്ളമാണ് മധുര മേഖയിലെ കുടിവെള്ളത്തിനായി തുറന്ന് വിട്ടിരിക്കുന്നത്.