അരുംകൊലയുടെ പേരില്‍ ശേഖരനെ കല്ലെറിയുന്നു, കീച്ചന്‍പറമ്പന് വേണ്ടി മുന്നറിയിപ്പ് ബോര്‍ഡ്

single-img
20 April 2015

rtgretകോട്ടയം : ഏപ്രില്‍ 1. വിഡ്ഢി ദിനത്തില്‍ കേരളം കേട്ടുണര്‍ന്നത് ഒരു ദുരന്തവാര്‍ത്ത കേട്ടുകൊണ്ടായിരുന്നു. കോട്ടയത്ത് ആന ഉടമയെ കുത്തുകൊലപ്പെടുത്തിയെന്നതായിരുന്നു വാര്‍ത്ത. ഈയൊരു ഒറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അപകടകാരിയായ കീച്ചാപ്പറമ്പന്‍ എന്ന ശേഖരന്‍ ആന പ്രേമികളുടെ ശ്രദ്ധാകേന്ദ്രമായി മാറുന്നത്. പിന്നെ വാര്‍ത്തകളില്‍ നിറഞ്ഞത് ശേഖരന്‍ നടത്തിയ ആരുംകൊലകളുടെ കഥകളായിരുന്നു. ഇതോടെ കൊലകൊല്ലിയായ ശേഖനെ കല്ലെറിയുകയാണ് ആനപ്രേമികള്‍.

തീക്കോയി മുപ്പതേക്കറില്‍ ഉടമയെ കുത്തിക്കൊലപ്പെടുത്തിയ ആനയെ ആളുകള്‍ ഉപദ്രവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തി. തളച്ചിരിക്കുന്ന റബര്‍ തോട്ടത്തില്‍ ശേഖരനെ പ്രകോപനമുണ്ടാക്കി ഉപദ്രവിക്കുന്നതിനെതിരെ പൊലീസ് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചുകഴിഞ്ഞു. ആനയുടെ അടുത്ത് ചെല്ലുവാനോ ശബ്ദമുണ്ടാക്കുവാനോ ശ്രമിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ബോര്‍ഡില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഏപ്രില്‍ ഒന്നിന് ഉടമയെ കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് ആനയെ ഉടമയുടെതന്നെ റബര്‍ തോട്ടത്തില്‍ തളയ്ക്കുകയായിരുന്നു. മദപ്പാടുള്ള ആനയെ കാണാന്‍ ആദ്യ ദിവസങ്ങളില്‍ നിരവധിപേര്‍ എത്തിയിരുന്നു. ഇവര്‍ ആനയ്ക്കു നേരെ കല്ലെടുത്ത് എറിയുന്നതും ഉപദ്രവിക്കുന്നതും പതിവായിരുന്നു. കാണാനെത്തുന്ന ജനങ്ങളെ ഒച്ചവച്ചും തുമ്പിക്കൈ ഉയര്‍ത്തിയും ഭയപ്പെടുത്താന്‍ ആനയും ശ്രമിക്കുന്നുണ്ട്. പ്രകോപനം മൂലം ആന ചങ്ങലപൊട്ടിക്കാനും മറ്റും ശ്രമിച്ചിരുന്നു. കാണാനെത്തുന്ന ചിലര്‍ ആനയുടെ സമീപത്തേയ്ക്ക് എത്തുവാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് താല്‍ക്കാലിക വേലിയും സ്ഥാപിച്ചിട്ടുണ്ട്. മദപ്പാടിന്റെ ലക്ഷണങ്ങളുള്ള ആനയെ മുന്‍ പാപ്പാന്‍മാരും മരണപ്പെട്ട ഉടമയുടെ ബന്ധുക്കളും പരിചരിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴും ആനയുടെ ദേഷ്യത്തിന് കുറവു വന്നിട്ടില്ല.