ദുരന്തങ്ങള്‍ വേട്ടയാടപ്പെട്ട ജീവിതവുമായി ഡയാലിസിസിന് വിധേയനായി ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം ആരോരും സഹായത്തിനില്ലാതെ കഴിയുന്ന ഹരിദാസിന് വിഷുക്കൈനീട്ടവുമായി ‘ഹോപ്പ്’ എത്തി

single-img
20 April 2015

Hope

ആരോരും സഹായത്തിനില്ലാതെ നരകയാതന അനുഭവിക്കുന്ന ഹരിദാസിന്റെ കുടുംബത്തിന് വിഷുക്കൈനീട്ടം നല്‍കാന്‍ തിരുവനന്തപുരം ശാസ്തവട്ടത്തുള്ള സംഘടനയായ ഹോപ്പ് എത്തി. അംഗങ്ങളുടെ ശ്രമഫലമായി പഴയ പത്രങ്ങളും പുസ്തകങ്ങളുമൊക്കെ ശേഖരിച്ച് വിറ്റും തങ്ങളുടെ സാമ്പാദ്യത്തില്‍ നിന്നും വിഹിതം പിടിച്ച മിച്ചങ്ങള്‍ ചേര്‍ത്തും അവര്‍ സമ്പാദിച്ച അരലക്ഷം രൂപ അവര്‍ ഹരിദാസിന് നല്‍കി, ദുരന്തങ്ങള്‍ വേട്ടയാടപ്പെട്ട ജീവിതത്തിന് ഒരു ചെറിയ കൈത്താങ്ങായി.

പുളിമാത്ത് ഇലങ്കത്തറവിള ശ്രീഹരിയില്‍ ഹരിദാസിന്റെ കുടുംബമാണ് ഇന്ന് ഇരുട്ടിന്റെ കാണാക്കയത്തില്‍ ജീവിതം തപ്പുന്നത്. സ്വന്തമായി ഭൂമിയില്ലാത്ത ഹരിദാസും (39) ഭാര്യ ശ്രീരേഖയും മക്കളായ ആദിത്യ (7) അഗ്‌നിജിത് (6) എന്നിവരോടൊപ്പം തന്റെ മുത്തശ്ശിയുടെ വസ്തുവില്‍ തകരം മേഞ്ഞ വീട്ടില്‍ താമസിക്കുന്നത്. അല്ലലാണെങ്കിലും സന്തോഷമായി കഴിഞ്ഞ കുടുംബത്തില്‍ മുന്ന് വര്‍ഷം മുമ്പാണ് ദുരന്തം പടികയറിയെത്തിയത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ശ്രീരേഖക്ക് ഇടിമിന്നലേറ്റ് തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടി ഗുരുതരമായി പരിക്കേറ്റതോടെ കുടുംബം താളം തെറ്റുകയായിരുന്നു.

ഭാര്യയെ ചികിത്സിക്കാന്‍ ഹരിദാസ് കഷ്ടപ്പാടിനിടയ്ക്ക് തുക ഒത്തിരി ചെലവാക്കിയെങ്കിലും ശ്രീരേഖയുടെ കണ്ണിലെ കാഴ്ച ആ അപകടത്തില്‍ നഷ്ടമായി. ഈ സമയത്താണ് ഹരിദാസിന് കിഡ്‌നികള്‍ക്കും കരളിനും തകരാറുള്ളതായി കണ്ടെത്തിയത്. ഒന്നൊന്നായി വിടാതെ പിന്‍തുടര്‍ന്ന ദുരന്തങ്ങള്‍ക്കിടയിലും ഹരിദാസ് വേദന കടിച്ചമര്‍ത്തി ജോലിക്കു പോയി.

ഇതിനിടയില്‍ ഹരിദാസിനെ നിലയില്ലാക്കയത്തിലേക്ക് തള്ളിവിട്ടുകൊണ്ട് ഹൃദയാഘാതവും എത്തി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാലിന് നീരുവന്ന് പ്രവേശിപ്പിക്കപ്പെട്ട ഹരിദാസ് ഇന്ന് എഴുന്നേല്‍ക്കാന്‍ പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്. ആഴ്ചയില്‍ രണ്ട് പ്രാവശ്യം വീതം ഡയാലിസിസ് നടത്തുന്ന ഹരിദാസ് തന്റെ രണ്ടു പൊന്നോമനകളേയും ചേര്‍ത്തു പിടിച്ച് ജീവിതത്തിന് വേണ്ടി നല്ല മനസ്സുകള്‍ക്ക് മുന്നില്‍ കൈനീട്ടുന്നു. ഇതിനിടയില്‍ പഞ്ചായത്തിന്റെ ഒത്താശയോടെ ഹരിദാസിന്റെ ഇപ്പോള്‍ താമസിക്കുന്ന വീട് ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നത് നാട്ടില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഈ വാര്‍ത്തയറിഞ്ഞാണ് മഹേശ് പരമേശ്വരന്‍ നായരുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയായ ഹോപ്പ് രംഗത്തെത്തിയത്. വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും സാധാരണക്കാരുമൊക്കെയായി ജില്ലയില്‍ 80 അംഗങ്ങളുള്ള സംഘടനയാണ് ഹോപ്പ്. വിഷുനാളില്‍ ഹരിദാസിന്റെ വീട്ടിലെത്തിയ ഹോപ്പ് സംഘടന ചെറുതാണെങ്കിലും തങ്ങളുടെ ധനസഹായം ഹരിദാസിന് കൈമാറി.