വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം 80 കോടിയിൽ കവിഞ്ഞു

single-img
20 April 2015

whatsapp_generic_650ലോകത്തെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം 80 കോടിയായി ഉയര്‍ന്നു. വാട്ട്‌സ്ആപ്പ് സിഇഒ ജാന്‍ കൂം ആണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതിമാസം 800,000,000 പേര്‍ക്ക് വാട്‌സ്ആപ്പ് സര്‍വീസ് നല്‍കുന്നുവെന്ന് കൂം പറയുന്നു.വാട്ട്‌സ്ആപ്പ് സജീവമായി ഉപയോഗിക്കുന്നവരുടെ സംഖ്യ മാത്രമാണിതെന്നും രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ കണക്കുകൾ ഇതിൽപ്പെടില്ലെന്നും ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റ് അദ്ദേഹം വ്യക്തമാക്കി.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഏറ്റവുമധികം അംഗങ്ങളുള്ള സര്‍വീസുകളിലൊന്നായി ഇതോടെ വാട്ട്‌സ്ആപ്പ് മാറിയിരിക്കുകയാണ്. കഴിഞ്ഞ ഫിബ്രവരിയിലെ കണക്ക് പ്രകാരം ട്വിറ്ററില്‍ 28.8 കോടി സജീവ അംഗങ്ങളാണുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞ ഡിസംബറില്‍ 30 കോടി അംഗങ്ങളുണ്ടായിരുന്നു. ഇന്‍സ്റ്റഗ്രാമിന്റെയും വാട്ട്‌സ്ആപ്പിന്റെയും ഉടമസ്ഥരായ ഫെയ്‌സ്ബുക്കില്‍ കഴിഞ്ഞ ഡിസബറില്‍ 139 കോടി അംഗങ്ങളുണ്ട്.

വൈബര്‍, സ്‌കൈപ്പ് മുതലായ സര്‍വീസുകള്‍ക്ക് പ്രഹരമേല്‍പ്പിച്ചുകൊണ്ട് സൗജന്യ വോയ്‌സ് കോള്‍ സൗകര്യവും അടുത്തയിടെ വാട്ട്‌സ്ആപ്പ് ഏര്‍പ്പെടുത്തുകയുണ്ടായി. പ്രമുഖ മൊബൈല്‍ പ്ലാറ്റ്‌ഫോമുകളായ ഐഒഎസ്, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് ഫോണ്‍, ബ്ലാക്ക്ബറി എന്നിവയിലൊക്കെ വാട്ട്‌സ്ആപ്പ് ലഭ്യമാണ്.