പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്‍ ലോക്‌സഭയില്‍

single-img
20 April 2015

parliament1ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്‍ ലോക്‌സഭയില്‍. പാര്‍ലമെന്ററി സഹമന്ത്രി രാജീവ് പ്രതാപ് റൂഡിയാണ് ബില്‍ അവതരിപ്പിച്ചത്. ബില്‍ പിന്‍വലിക്കുക, കര്‍ഷക വിരുദ്ധ സര്‍ക്കാര്‍ രാജിവയ്ക്കുന്ന തുടങ്ങിയ മുദ്രാവാക്യങ്ങളോടെയാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ബില്ലിനെ എതിരേറ്റത്. രാഷ്ട്രപതിയുടെ ഓര്‍ഡിനന്‍സ് ജനാധിപത്യത്തിന്റെ കശാപ്പാണെന്നും പ്രതിപക്ഷം ആരോപിച്ചു. ബഹളത്തിനിടെ സഭ രണ്ടു തവണ തടസ്സപ്പെട്ടു. പ്രതിപക്ഷം ഒറ്റക്കെട്ടായി സഭയുടെ നടുത്തളത്തിലിറങ്ങി.

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മുലായം സിംഗ് യാദവ് എന്നിവര്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കി. ജ്യോതിരാദിത്യ സിന്ധ്യ, കെ.സി വേണുഗോപാല്‍, ഗൗരവ് ഗോഗോയ്, രാജേഷ് രഞ്ജന്‍, ധര്‍മ്മേന്ദ്ര യാദവ് എന്നിവരും സഭയുടെ നടുത്തളത്തിലിറങ്ങിയുള്ള പ്രതിഷേധത്തിന് നേതൃത്വം നല്‍കി. ബില്‍ പാസാക്കുന്നതിന് സര്‍ക്കാര്‍ പിന്‍വാതിലിലുടെ നീക്കം നടത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സഭയില്‍ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി. ബില്‍ കൊണ്ടുവന്നതില്‍ പ്രതിഷേധിച്ച് തൃണമുല്‍ കോണ്‍ഗ്രസ് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ബില്ലിനെ എതിര്‍ത്ത് രാഹുല്‍ ഗാന്ധി വൈകിട്ട് സഭയില്‍ പ്രസംഗിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.