അനുവാദമില്ലാതെ സ്വന്തം വീട്ടിലേക്ക് പോയ യുവതിയെ ഭര്‍ത്താവ് തീയിട്ടു കൊലപ്പെടുത്തി

single-img
20 April 2015

fire-01മുള്‍ത്താന്‍: അനുവാദമില്ലാതെ സ്വന്തം വീട്ടിലേക്ക് പോയ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്തി. സെന്‍ട്രല്‍ പാക്കിസ്ഥാനിലെ മുസഫര്‍ഗഡ് ജില്ലയിലായിരുന്നു സംഭവം. വീട്ടില്‍ പോയി തിരിച്ചെത്തിയ ഉടന്‍ ഭര്‍ത്താവും ഭര്‍തൃപിതാവും ചേര്‍ന്ന് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് മുഹമ്മദ് സിദ്ദിഖിനെയും പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. സിദ്ദിഖിന്റെ ഭാര്യ ഷബാന ബിബി(25) ആണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിനും തീവ്രവാദത്തിനുമാണ് ഇരുവര്‍ക്കുമെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ഇത്തരം കേസുകളില്‍ തീവ്രവാദത്തിന് കുറ്റം ചുമത്തുക പാക്കിസ്ഥാനില്‍ പതിവാണ്. ഷബാന സഹോദരിയെ കാണാനാണ് വീട്ടിലേക്ക് പോയത്.  എന്നാല്‍ ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ കുപിതനായ ഭര്‍ത്താവ് പിതാവിന്റെ സഹായത്താല്‍ യുവതിയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

എണ്‍പതുശതമാനത്തോളം പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. മൂന്നു വര്‍ഷം മുന്‍പാണ് ഷബാനയുടെയും മുഹമ്മദ് സിദ്ദിഖിന്റെയും വിവാഹം നടന്നത്. ഇവർക്ക് കുട്ടികളില്ല.  2008നുശേഷം ഏകദേശം മൂവായിരത്തോളം സ്ത്രീകളാണ് ബന്ധുക്കളാല്‍ കൊല്ലപ്പെട്ടതായി കണക്കുകൾ സൂചിപ്പിക്കുന്നു.