മെഡിറ്ററേനിയൻ കടലില്‍ മുങ്ങിയ ബോട്ടിൽ ഉണ്ടായിരുന്നവർക്കായി തിരച്ചിൽ ആരംഭിച്ചു

single-img
20 April 2015

boatറോം: ലിബിയയില്‍നിന്നും അനധികൃത കുടിയേറ്റക്കാരുമായി മെഡിറ്ററേനിയൻ കടലില്‍ മുങ്ങിയ ബോട്ടിലുള്ളവർക്കായി തിരച്ചിൽ ആരംഭിച്ചു.  ഇറ്റലിയുടെയും മാള്‍ട്ടയുടെയും നാവികസേനകളുടെ നേതൃത്വത്തില്‍ മൃതദേഹങ്ങള്‍ക്കായുള്ള തിരിച്ചില്‍ തുടരുന്നു. 700 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. 20 കപ്പലുകളും മൂന്ന് ഹെലികോപ്റ്ററുകളും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.

28 പേര്‍ മാത്രമാണ് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് യു.എന്‍ അഭയാര്‍ഥി ഏജന്‍സിയും ഇറ്റലിയുടെ തീരസംരക്ഷണസേനയും അറിയിച്ചു. ലിബിയയുടെ തീരത്തുനിന്ന് 126 കിലോമീറ്ററും ഇറ്റലിയുടെ ലാംപെഡുസ ദ്വീപ് തീരത്തുനിന്ന് 177 കിലോമീറ്ററും അകലെയാണ് ശനിയാഴ്ച രാത്രി അപകടമുണ്ടായത്. ജോലിതേടിയുംമറ്റും ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടല്‍വഴിയുള്ള കുടിയേറ്റം വ്യാപകമാണ്.

20 മീറ്റര്‍ നീളമുള്ള മീന്‍പിടിത്ത ബോട്ടില്‍ ആള്‍ക്കാരെ കുത്തിനിറച്ചിരിക്കുക ആയിരുന്നു. സമീപത്തുകൂടി കടന്നുപോയ വാണിജ്യക്കപ്പലിന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ അഭയാര്‍ഥികളില്‍ കുറേപ്പേര്‍ ഒരു ഭാഗത്തേക്ക് വന്നതാണ് ബോട്ട് മറിയാന്‍ കാരണമെന്ന് പറയുന്നു.