ഐപിഎല്ലില്‍ ചെന്നൈക്ക് ആദ്യ തോൽവി

single-img
20 April 2015

morrisഅഹമ്മദാബാദ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആദ്യ തോൽവി. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി രാജസ്ഥാന്‍ തുടര്‍ച്ചയായ അഞ്ചാംജയം സ്വന്തമാക്കി. ചെന്നൈ ഉയര്‍ത്തിയ 157 റണ്‍സ് വിജലക്ഷ്യം രാജസ്ഥാന്‍ 18.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

പരിക്കിന് ശേഷം തിരിച്ചെത്തിയ ക്യാപ്റ്റന്‍ ഷെയ്ന്‍ വാട്‌സന്റെയും (55 പന്തില്‍ 76) അജിങ്ക്യ രഹാനെയുടെയും (47 പന്തില്‍ 73*) ഉജ്ജ്വല ബാറ്റിങ് ആണ് രാജസ്ഥാന് ആധികാരിക ജയം സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 97 പന്തില്‍ 144 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വാട്‌സണ്‍ നാല് വീതം ഫോറും സിക്‌സുമടിച്ചപ്പോള്‍ ആറ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു രഹാനെയുടെ ഇന്നിങ്‌സ്.

നേരത്തേ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ചെന്നൈക്ക് ബ്രണ്ടന്‍ മക്കല്ലം (12), സുരേഷ് റെയ്‌ന (4), ഫാഫ് ഡു പ്ലസിസ് (1) എന്നിവരെ വേഗത്തില്‍ നഷ്ടമായെങ്കിലും ഡ്വെയ്ന്‍ ബ്രാവോ (36 പന്തില്‍ 62*) ഓപ്പണര്‍ ഡ്വെയ്ന്‍ സ്മിത്ത് (29 പന്തില്‍ 40), ക്യാപ്റ്റന്‍ ധോനി (37 പന്തില്‍ 31*) എന്നിവരുടെ മികവില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനായി. രാജസ്ഥാനായി അങ്കിത് ശര്‍മ, ക്രിസ് മോറിസ്, പ്രവീണ്‍ താംബെ, ജെയിംസ് ഫോക്ക്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.