കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് മോദി സര്‍ക്കാര്‍ നിലക്കൊള്ളുന്നത്; രാജ്യത്തെ വ്യവസായ ശാലകള്‍ മാത്രമല്ല കര്‍ഷകരും വേണമെന്ന് രാഹുല്‍ ഗാന്ധി

single-img
19 April 2015

RAHUL-GANDHIന്യൂഡല്‍ഹി:  ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി.  കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ നിലക്കൊള്ളുന്നത്. കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി മോഡി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല.  കര്‍ഷകരുടെ പോരാട്ടം കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. ബില്ലിലെ ഭേദഗതി കര്‍ഷകരെ ആശങ്കയില്‍ ആക്കുന്നതാണെന്നും അതിനാൽ ഭൂമി ഏറ്റെടുക്കല്‍ ബില്‍ പാര്‍ലമെന്റില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു.

കേന്ദ്രസര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ ഡല്‍ഹി രാംലീല മൈതാനത്ത് നടന്ന കര്‍ഷക റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.

എല്ലാക്കലത്തും കോണ്‍ഗ്രസ് കര്‍ഷകര്‍ക്കൊപ്പമാണ് നിലകൊണ്ടിട്ടുള്ളത്. കര്‍ഷകരെ കൂലിവേലക്കാരായി കാണാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. രാജ്യത്തെ വ്യവസായ ശാലകള്‍ മാത്രമല്ല വേണ്ടത്, കര്‍ഷകരും വേണം. മോഡിയുടെ മേക്ക് ഇന്‍ ഇന്ത്യ പ്രചാരണം കൊണ്ട് കര്‍ഷകര്‍ക്ക് പ്രയോജനമൊന്നും ഉണ്ടാകില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

കര്‍ഷകാരാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് അടിത്തറ നല്‍കിയത്. അവരാണ് രാജ്യത്തിന്റെ വിശപ്പകറ്റുന്നത്. കര്‍ഷകരുടെ 70,000 കോടി രൂപയുടെ കടം എഴുതി തള്ളി സര്‍ക്കാരായിരുന്നു കോണ്‍ഗ്രസ്സിന്റേതെന്നും രാഹുല്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് വ്യവസായികളില്‍ നിന്നും പണം വാങ്ങിയ മോഡി ഭൂമിയേറ്റെടുക്കല്‍ ബില്‍ നടപ്പാക്കി കുത്തകകൾക്കുള്ള പ്രതിഫലമായി കര്‍ഷകരുടെ ഭൂമി നല്‍കാനാണ് ശ്രമിക്കുന്നത്. കര്‍ഷകരില്‍ നിന്ന് എളുപ്പത്തില്‍ ഭൂമി പിടിച്ചെടുക്കാമെന്ന് ഗുജറാത്ത് മോഡലിലൂടെ മോഡി തെളിയിച്ചിട്ടുണ്ടെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

രണ്ട് മാസത്തെ അവധിക്ക് ശേഷം മടങ്ങിയെത്തിയ രാഹുല്‍ ഗാന്ധിക്ക് സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നതിനുള്ള അവസരമാണ് കര്‍ഷക റാലിയിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിട്ടത്. പാര്‍ട്ടിക്കുള്ളില്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതിന് മുന്നോടിയായിട്ടുള്ള ആദ്യ പടിയാണ് റാലി.

റാലിക്ക് മുന്നോടിയായി രാഹുല്‍ ഗാന്ധി കര്‍ഷക പ്രതിനിധികളുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. പാര്‍ലമെന്റില്‍ ബജറ്റ് സെഷന്റെ രണ്ടാംഘട്ടം തിങ്കളാഴ്ച്ച തുടങ്ങാനിരിക്കെയാണ് കോണ്‍ഗ്രസ് കര്‍ഷകരെ കൂട്ടി പ്രക്ഷോഭപരിപാടി സംഘടിപ്പിച്ചത്.