സസ്‌പെന്‍സ് വര്‍ദ്ധിക്കുന്നു, യെച്ചൂരിയെ കേരള ഘടകം ശരിക്കും ഭയക്കുന്നു

single-img
18 April 2015

Left-Front-to-Leftoverയെച്ചൂരിയോ രാമചന്ദ്രന്‍ പിള്ളയോ. സസ്‌പെന്‍സ് അവസാനിക്കുന്നില്ല. സീതാറാം യെച്ചൂരി സി.പി.എംനെ നയിക്കാന്‍ നിയോഗിക്കപ്പെട്ടാല്‍ അത് ബംഗാള്‍ ഘടകത്തിന്റെ വിജയം കൂടിയാണ്. മറിച്ച് രാമചന്ദ്രന്‍പിള്ളയ്ക്കാണ് നറുക്ക് വീഴുന്നതെങ്കില്‍ അത് കേരള ഘടകത്തിന്റെ വിജയംകൂടിയാവും.

സീതാറം യെച്ചൂരി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാകാന്‍ കേരളാ ഘടകം ഒരിക്കലും ആഗ്രഹിക്കുന്നില്ല. അതിന് വ്യക്തമായ കാരണവുമുണ്ട്. വി.എസ് എന്ന ഒറ്റയാല്‍ പോരാളിയുടെ നയങ്ങളെ എന്നും പിന്തുണച്ച നേതാവാണ് യെച്ചൂരി. ഇത് പലപ്പോഴും സിപിഎം കേരളാ ഘടകത്തിലെ ഔദ്യോഗിക പക്ഷത്തിന്റെ അപ്രീതിക്ക് പലപ്പോഴും കാരണമാകുകയും ചെയ്തിരുന്നു. സിപി.എം സംസ്ഥാന സമ്മേളനം വി.എസ് ബഹിഷ്‌ക്കരിച്ചപ്പോള്‍ യെച്ചൂരി സ്വീകരിച്ച നിലപാടും ഏറെ ശ്രദ്ധ ആകര്‍ശിച്ചിരുന്നു. മറ്റ് നേതാക്കള്‍ ഒന്നടങ്കം വി.എസിനെ തള്ളിപ്പറഞ്ഞപ്പോള്‍ യെച്ചൂരി മാത്രം അതിന് തയ്യാറായില്ല. ഇതെല്ലാം കണക്കിലെടുത്ത് കേരളാ ഘടകം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത് എസ് രാമചന്ദ്രന്‍പിള്ളയേയാണ്.

അതേസമയം ജനറല്‍ സെക്രട്ടറി ആരെന്ന കാര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുകയാണ്. പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങുന്ന ഘട്ടം വരെ പ്രകാശ് കാരാട്ടിന്റെ പിന്‍ഗാമിയായി സീതാറാം യെച്ചൂരി വരുമെന്ന നിഗമനങ്ങളാണുണ്ടായിരുന്നതെങ്കില്‍ എസ്. രാമചന്ദ്രന്‍ പിള്ള കൂടി കച്ചമുറുക്കിയതോടെ തര്‍ക്കം ഉടലെടുത്തു. നാളിതുവരെ മത്സരമില്ലാതെ ഐകകണ്‌ഠേനയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുത്തിട്ടുള്ളത്.

യെച്ചൂരിയും എസ്.ആര്‍.പിയും ഇവരില്‍ ആരും ഇതുവരെയും പിന്‍മാറാന്‍ തയാറായിട്ടില്ല. പുതുതായി രൂപവത്കരിക്കുന്ന കേന്ദ്രകമ്മിറ്റിയാണ് ജനറല്‍ സെക്രട്ടറിയെ തീരുമാനിക്കുക. കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ ഭൂരിപക്ഷ പിന്തുണ ഉള്ളതിനാല്‍ യെച്ചൂരിക്ക് തന്നെയാവും ഇപ്പോഴും നേരിയ മേല്‍കൈ.